പാലക്കാട്: പാലക്കാട് നഗരസഭയുടെ സമ്പൂർണ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ഇനി വിരൽതുമ്പിലെത്തും. കൃഷിഭൂമി, മനുഷ്യവാസ മേഖല, വ്യാപാര വ്യവസായം, ഭൂ വിനിയോഗം, തൊഴിൽ, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഗതാഗതം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ മേഖലകളുടെ സമഗ്രമായ സ്ഥാനീയ വിവരശേഖരണമാണ് ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാകുക. സംവിധാനം പ്രവർത്തനം ആരംഭിക്കുന്നതോടെ 'ഭൗമവിവര നഗരസഭ' എന്ന പദവിയിലേക്ക് പാലക്കാട് ഉയരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. നഗരസഭയുടെ അടിസ്ഥാന വിവരങ്ങളെല്ലാം ശേഖരിച്ച് വിവിധ തരത്തിലുള്ള ഭൂപടങ്ങളാക്കി 'ജിസ് എൽജി' വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയറാണ് വിവരങ്ങൾ വിരൽ തുമ്പിലെത്തിക്കുക.
നഗരസഭാ പരിധിയിൽ വികസന പ്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്ന പ്രദേശത്തിന്റെ സ്വഭാവം, പരിസ്ഥിതി, സാമൂഹ്യ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ, നിലവിൽ ലഭ്യമാകുന്ന സേവനങ്ങൾ ഇവയെല്ലാം ഉൾപ്പെടേണ്ടതുണ്ട്. ഗ്രാമീണ പഠന കേന്ദ്രത്തിനാണ് പദ്ധതി ചുമതല. പാലക്കാട് നഗരസഭയുടെ വികസനാവശ്യത്തിനുതകുന്ന തരത്തിൽ ഓരോ സർവ്വേ പ്ലോട്ടിലേയും വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നഗരസഭയുടെയും ഘടക സ്ഥാപനങ്ങളുടെയും എല്ലാവിധ സ്ഥാവര ജംഗമ ആസ്തികളും അളന്ന് തിട്ടപ്പെടുത്തി ഡിജിറ്റലൈസ് ചെയ്ത് സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.
നഗരസഭയുടെ മുഴുവൻ സ്വകാര്യ കെട്ടിടങ്ങളും (88211) കെട്ടിട നമ്പറടിസ്ഥാനത്തിൽ അളന്ന് ജിയോടാഗിംഗ് നടത്തി. അതോടൊപ്പം നഗരസഭയിലെ മുഴുവൻ കുടുംബങ്ങളുടെയും വിശദമായ സാമൂഹിക സാമ്പത്തിക വിവരങ്ങൾ ശേഖരിച്ച് ഉൾപ്പെടുത്തിക്കഴിഞ്ഞു. വാർഡ്‌തല അതിർത്തി നിർണയവും സോഫ്റ്റ്‌വെയർ വഴി സാധ്യമായി. നഗരസഭയിലെ ജലസ്രോതസ്സുകളുടെ അവസ്ഥ, വരൾച്ച പ്രദേശങ്ങൾ, ചെറുകിടജല സേചന പദ്ധതികൾ, ചെറുകിട കുടിവെള്ള വിതരണ പദ്ധതികൾ തുടങ്ങിയവ ഇതിലുണ്ട്.
നടപ്പാത ഉൾപ്പെടെ എല്ലാ റോഡുകളുടെയും നീളം, വീതി, തരം, മെറ്റീരിയൽ തുടങ്ങിയ വിശദവിവരങ്ങൾ ഇതിൽ നിന്ന് ലഭ്യമാണ്. കൂടാതെ നഗരസഭയിലെ മുഴുവൻ തെരുവുവിളക്കുകൾ, പോസ്റ്റ് നമ്പർ, ബൾബിന്റെ തരം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ ജിയോ ടാഗ് ചെയ്തുകഴിഞ്ഞു. ഡ്രോൺ മാപ്പ് വില്ലേജ് മാപ്പ്, നവരസഭ അതിർത്തി മാപ്പ്, വാർഡ് അതിർത്തി മാപ്പ്, ആസ്തി ഭൂപടം, റോഡ് കണക്ടിവിറ്റി മാപ്പ്, ജലവിഭവ ഭൂപടം, സ്ട്രീറ്റ് ലൈറ്റ് മാപ്പ്, കോണ്ടൂർ ഭൂപടം തുടങ്ങി വിവിധതരം ഭൂപടങ്ങളും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.