ചിറ്റൂർ: സംസ്ഥാന സർക്കാർ ക്ഷീര വികസന വകുപ്പിന്റെ 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ സ്റ്റുഡന്റ് ഡയറി ക്ലബ്ബായി തെരഞ്ഞെടുത്ത ചിറ്റൂർ ഗവ.വിക്ടോറിയ ഗേൾസ് സ്‌കൂളിൽ ക്ലബ്ബിന്റെ ഉദ്ഘാടനം ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത നിർവഹിച്ചു. ക്ഷീര മേഖലയുടെ പ്രാധാന്യം വിദ്യാർത്ഥികളോട് വിളിച്ചോതാനും പശു പരിപാലനം, ക്ഷീര വ്യവസായം മുതലായ മേഖലകളിലേക്ക് പുതുതലമുറയെ ആകർഷിക്കാനും ഉതകുന്ന ക്ലാസുകളും പരിശീലന പരിപാടികളും ഉൾപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം.ജെ.മാത്യു അദ്ധ്യക്ഷതവഹിച്ചു. ചിറ്റൂർ ക്ഷീരവികസന ഓഫീസർ ഫൈസൽ വിഷയാവതരണം നടത്തി. ചിറ്റൂർ യൂണിറ്റ് സീനിയർ ഡയറി ഫാം ഇൻസ്ട്രക്ടർ എ.എസ്.ശ്രീകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ ടി.ഗിരി, ചിറ്റൂർ ടൗൺ ക്ഷീരസംഘം പ്രസിഡന്റ് സി.ബി.രംഗനാഥൻ, ചിറ്റൂർ യൂണിറ്റ് ഡയറി ഫാം ഇൻസ്‌പെക്ടർ എം.സുജിത, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ജിബിനിത, കെ.സി.ധന്യ, സി.സനിത എന്നിവർ സംസാരിച്ചു.