
പാലക്കാട്: മാങ്കുറുശ്ശിയിൽ വൃദ്ധരായ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പങ്കജ നിവാസിൽ പങ്കജം (85), രാജൻ (80) എന്നിവരാണ് മരിച്ചത്. പങ്കജത്തെ വീട്ടിലെ മുറിയിലും രാജനെ മുകൾനിലയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വർഷങ്ങളായി ഇരുവരും ഒരു വീട്ടിലാണ് താമസം. മങ്കര പൊലീസ് പരിശോധന നടത്തി. സംഭവത്തിൽ കൊലപാതക ലക്ഷണങ്ങൾ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുപേരുടെയും ആത്മഹത്യാക്കുറിപ്പുകൾ കണ്ടെടുത്തതായാണ് വിവരം. തമിഴ്നാട്ടിലേക്ക് ടൂർപോയ മകൻ രാജേഷ് വിളിച്ചപ്പോൾ പങ്കജം ഫോൺ എടുത്തില്ല. തുടർന്ന് അമ്മാവൻ സഹദേവനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹംവന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. വീടിന്റെ മുൻവശത്തെ വാതിലുകൾ അടച്ചിരുന്നു. വീട്ടിലെ സി.സി.ടി.വിയും ഓഫാക്കിയിരുന്നു. പങ്കജത്തിന്റെ ഭർത്താവ് വാസു 10 വർഷം മുമ്പ് മരണപ്പെട്ടിരുന്നു. വാസുവിന്റെ സഹോദരനാണ് രാജൻ. പങ്കജവും രാജനും മരുമകൾ അജിതയുമാണ് ഇവിടെ താമസിച്ചിരുന്നത്. ദുബായിലായിരുന്ന അജിതയുടെ ഭർത്താവ് രാജേഷ് ഒരാഴ്ച മുൻപാണ് മാങ്കുറുശ്ശിയിലെ വീട്ടിലെത്തിയത്. മങ്കര പോലീസിന് പുറമേ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ബാബുരാജ് (യു.എസ്), രാജേഷ് (ദുബായ്), ഉഷ (മദ്ധ്യപ്രദേശ്). മരുമക്കൾ: വിനിത, അജിത, പരേതനായ സുരേഷ്.