ലക്കിടി: ലോകത്തും ഭാരതത്തിലും നിലവിലുള്ള സമുദ്ര നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം അനിവാര്യമെന്ന് അന്താരാഷ്ട്ര മാരിടൈം സെമിനാർ. നെഹ്റു അക്കാദമി ഓഫ് ലായുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന സെമിനാറിലെ വിഷയങ്ങളും പ്രബന്ധങ്ങളും അന്താരാഷ്ട്ര സമുദ്ര മേഖലയിൽ സമഗ്ര മാറ്റം ലക്ഷ്യമിടുന്നതായി.
നമ്മുടെ സമുദ്രം, നമ്മുടെ ബാധ്യത, നമ്മുടെ ഉത്തരവാദിത്തം എന്ന ടാഗ് ലൈനിൽ നടത്തിയ മൂന്നു ദിവസത്തെ സെമിനാറിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാവിക ഉദ്യോഗസ്ഥരും വിദഗ്ദരും പങ്കെടുത്തു. സമുദ്ര മേഖലയിലെ നിയമങ്ങളും പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ടും സുസ്ഥിര വികസനത്തെ കുറിച്ചുമുള്ള നൂറിലധികം പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. സുസ്ഥിര ഷിപ്പിംഗും നീല സമ്പദ് വ്യവസ്ഥയും, സമുദ്ര പരിസ്ഥിതിയും കാലാവസ്ഥാ പ്രതിരോധശേഷിയും, സമുദ്ര സുരക്ഷ, സമുദ്ര തൊഴിലും, സുസ്ഥിര ഷിപ്പിംഗും തുടങ്ങി ലോകത്ത് സമുദ്രവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒട്ടേറെ പ്രശ്നങ്ങളിൽ ലേകപ്രശസ്തരായ വിദഗ്ദർ ക്ലാസുകൾ നയിച്ചു. അടുത്തിടെ ഇന്ത്യൻ തീരത്ത് നടന്ന കപ്പൽ അപകടങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി ചർച്ചകളും ഉണ്ടായി. ഇന്ത്യൻ നാവികസേന മുൻ ഉപമേധാവിയും നാഷണൽ മാരിടൈം സെക്യൂരിറ്റി കോഓർഡിനേറ്ററും ആയ വൈസ് അഡ്മിറൽ ജി.അശോക് കുമാർ ആണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. പി.കെ.ദാസ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാൻസലർ അഡ്വ. ഡോ. പി.കൃഷ്ണദാസ്, പ്രോ ചാൻസലർ ഡോ. പി.കൃഷ്ണകുമാർ, ഗുജറാത്ത് നാഷണൽ ലാ യൂണിവേഴ്സിറ്റിയടേയും ഗുജറാത്ത് മരീടൈം യൂണിവേഴ്സിറ്റിയടേയും ഡയറക്ടറായ പ്രൊഫ. ഡോ. എസ്.ശാന്തകുമാർ, ഇന്റർനാഷണൽ ലാ ഫേം സീനിയർ കൗൺസിൽ അഡ്വ. വി.ജെ.മാത്യു, ഷിപ്പ് സർവേയർ കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ഷിതേഷ് രഞ്ജൻ, മാൾട്ടയിലെ ഐ.എം.ഒ ഇന്റർനാഷണൽ മരീടൈം ലാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സഞ്ജീവ് റുഹാൽ, സ്‌കൂൾ ഓഫ് മരീടൈം ലോ, പോളിസി ആന്റ് അഡ്മിനിസ്‌ടേഷൻ ഗുജറാത്ത് മരീടൈം യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. അഭയ് സിംഗ് താക്കൂർ, യു.എ.ഇയിലെ എക്സ്പർട്ട് യുണൈറ്റഡ് മറൈൻ സർവീസസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ആൻഡ് എം.ഡി എൻ.എം.പണിക്കർ, വിഴിഞ്ഞം അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സ്‌പെഷ്യൽ ഓഫീസറും അദാനി ഓർഗനൈസേഷൻസ് മുൻ കോർപ്പറേറ്റ് മേധാവിയുമായിരുന്ന ജിതേന്ദ്രൻ കിണറ്റിൻകര, കൊച്ചി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. കെ.ബിനുമോൾ, ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡയറക്ടറേറ്റ് ഓഫ് ലോയിലെ ലോ ഓഫീസർ കമാണ്ടന്റ് ആശ ദഹിയ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
സമാപന സമ്മേളനം ചെന്നൈ സവിത സ്‌കൂൾ ഓഫ് ലാ യിലെ അസോസിയേറ്റ് ഡീൻ പ്രൊഫ. ഡോ. ജേക്കബ് ജോസഫ് ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ഇൻഡിപെന്റന്റ് ഡയറക്ടർ കെ.എ.സൈമൺ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. സോണി വിജയൻ സെമിനാർ ക്രോഡീകരിച്ചു സംസാരിച്ചു.