
പാലക്കാട്: കർഷകർക്ക് പെൻഷനും സാമ്പത്തിക സഹായവും ഉൾപ്പെടെ വാഗ്ധാനപ്പെരുമഴപ്പെയ്യിച്ച് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കർഷകക്ഷേമ ബോർഡ് വർഷം അഞ്ച് കഴിഞ്ഞിട്ടും പച്ചപിടിച്ചില്ല. ബോർഡ് രൂപവത്കരിച്ചെങ്കിലും ആനുകൂല്യങ്ങളുടെ ഘടനയടക്കം നിശ്ചയിക്കുന്നതിലും പദ്ധതിക്ക് അംഗീകാരം നേടിയെടുക്കുന്നതിലും തിരിച്ചടി നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണം. ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വങ്ങൾ, സേവന - വേതന വ്യവസ്ഥകൾ തുടങ്ങിയവയെല്ലാം ഇപ്പോഴും സർക്കാർ കടലാസുകളിലാണ്. ഇതോടെ ബോർഡ് ഓഫീസ് പ്രവർത്തനവും താളംതെറ്റിയ അവസ്ഥയിലാണ്. കർഷകക്ഷേമ ബോർഡ് മറ്റു ക്ഷേമബോർഡുകൾക്ക് പാരയാകുമെന്നും സി.പി.ഐ കൈകാര്യംചെയ്യുന്ന കൃഷി വകുപ്പിന് കീഴിൽ വരുന്ന ബോർഡിൽ സി.പി.എമ്മിന് താത്പര്യമില്ലാത്തതുമാണ് വൈകാൻ കാരണമെന്നും വ്യാപക ആക്ഷേപമുണ്ട്.
കാർഷികവൃത്തികൊണ്ട് ഉപജീവനം കഴിക്കുന്ന കർഷകരുടെ ക്ഷേമവും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനുമായി തുടങ്ങിയ ബോർഡിൽ 20 ലക്ഷം കർഷകരെ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതുവരെ രജിസ്റ്റർ ചെയ്തത് 12,000 പേർമാത്രം. ആദ്യംതന്നെ രജിസ്റ്റർ ചെയ്ത് അഞ്ചുവർഷം പൂർത്തിയായ 60 കഴിയുന്ന കർഷകർക്ക് 2026 ഡിസംബർ മുതൽ പെൻഷനും മറ്റാനുകൂല്യങ്ങളും നൽകണമെങ്കിലും ബോർഡ് പ്രവർത്തനം തുടങ്ങാത്തതിനാൽ ഇത് വെറും സ്വപ്നമാകും.
രജിസ്റ്റർ ചെയ്ത കർഷകരിൽനിന്നുള്ള ഫീസും അവർ അടയ്ക്കുന്ന അംശദായവും മാത്രമാണ് ബോർഡിന്റെ ഇപ്പോഴത്തെ വരുമാനം. ഇത് നിക്ഷേപമായി മാറ്റിയിട്ടുമുണ്ട്. 100 രൂപമുതൽ എത്ര തുകവേണമെങ്കിലും കർഷകന് അംശദായമായി അടയ്ക്കാം. കർഷകർ അടയ്ക്കുന്ന തുകയുടെ തുല്യതുക പരമാവധി 250 രൂപവരെ സർക്കാരും നൽകുമെന്നാണ് വ്യവസ്ഥ. അംശദായത്തിന്റെ തോതനുസരിച്ച് 5000 രൂപവരെ കർഷക പെൻഷൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം.
2020 ഒക്ടോബർ 14ന് പ്രവർത്തനംതുടങ്ങിയ ബോർഡിന്റെ പദ്ധതി അംഗീകാരത്തിനായി ബോർഡ് അംഗങ്ങൾ ധനമന്ത്രിയെയും മുഖ്യമന്ത്രിയെയും പലതവണകണ്ടു, കത്തുനൽകി. 2022ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിന്റെ നിർദേശപ്രകാരം പദ്ധതിരേഖ പുതുക്കി സമർപ്പിച്ചു. ഒരുവർഷത്തോളം നടപടിയുണ്ടായില്ല.
ബോർഡ് വീണ്ടും മുഖ്യമന്ത്രിക്ക് 2023 ഓഗസ്റ്റ് രണ്ടിന് കത്തുനൽകി. സെ്ര്രപംബറിൽ കൃഷിമന്ത്രിയുമായി ചർച്ച നടത്തി. ഈവർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നൽകി. ഒടുവിൽ ഏപ്രിലിൽ തുടർനടപടിക്കായി ധനമന്ത്രിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. എന്നിട്ടും ഫയൽ ഇതുവരെ തുറന്നിട്ടില്ല.