തച്ചനാട്ടുകര: പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും കുട്ടികളുടെ അമ്മമാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്ന 'അമ്മയ്ക്കൊരു തൈ' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം പരിപാടി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന 26 അങ്കണവാടികളിലെ മുന്നൂറോളം കുട്ടികളുടെ അമ്മമാർക്ക് പേര, ചാമ്പ തുടങ്ങിയ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. അങ്കണവാടികളിൽ പോഷകത്തോട്ടമൊരുക്കുന്ന പദ്ധതിയും ഇതിനോടൊപ്പം ആരംഭിച്ചു. നാട്ടുകൽ അങ്കണവാടിയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് പാർവതി ഹരിദാസ് അദ്ധ്യക്ഷയായി. മെമ്പർമാരായ പി.മൻസൂറലി, സി.പി.സുബൈർ, കെ.പി.ഇല്യാസ്, എ.കെ.വിനോദ്, ഇ.എം.നവാസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ രമാദേവി, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ബാലകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയൻ തുടങ്ങിയവർ പങ്കെടുത്തു.