
പട്ടാമ്പി: പട്ടാമ്പിയിൽ കൃഷിവകുപ്പിന് കീഴിലുള്ള സെൻട്രൽ ഓർച്ചാഡ് സമഗ്ര നവീകരണ പദ്ധതികളുമായി ആധുനിക ഫാം ടൂറിസം കേന്ദ്രമാകാൻ ഒരുങ്ങുന്നു. 2024 - 25 സാമ്പത്തിക വർഷത്തിൽ മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കർഷകർക്ക് നല്ല വിത്തിനങ്ങൾക്കും നടീൽ വസ്തുക്കൾക്കും ആശ്രയിക്കാൻ കഴിയുന്ന പദ്ധതികളും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്.
കൃഷിയിയിലേക്ക് കൂടുതലാളുകളെ ആകർഷിക്കുന്ന പദ്ധതികൾ നടപ്പാക്കുക, ഫാം ടൂറിസത്തിന് ഊന്നൽ നൽകി, കർഷകർക്കും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ആധുനിക കൃഷിരീതികളും സാങ്കേതികവിദ്യകളും പരിശീലിക്കാൻ സാധിക്കുന്ന സ്ഥാപനമായി ഓർച്ചാഡിനെ മാറ്റുക എന്നിവയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ ജൈവകൃഷി പരിശീലന കേന്ദ്രം ഓർച്ചാഡ് വളപ്പിൽ നിർമ്മിക്കും. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. നൂറുപേർക്ക് ഇരിക്കാവുന്ന ഹാൾ, ജൈവ കൃഷി മിശ്രിത നിർമ്മാണ പരിശീലന ഏരിയ, പോളി ഹൗസ് ഉൾപ്പെടെയുള്ള സ്മാർട്ട് ഫാമിംഗ് സാങ്കേതികവിദ്യകൾ എന്നിവ ഈ പരിശീലന കേന്ദ്രത്തിന്റെ ഭാഗമാകും.
നവീകരണ പദ്ധതിയുടെ ഭാഗമായി, 26 ഏക്കറിലായി പരന്നുകിടക്കുന്ന ഓർച്ചാഡിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി ഉദ്യാനങ്ങൾ ഒരുങ്ങും. വിദേശ ഫലവൃക്ഷങ്ങളുടെ തോട്ടങ്ങൾ, ഔഷധസസ്യ തോട്ടങ്ങൾ, അലങ്കാര പുഷ്പങ്ങളുടെ ഉദ്യാനം, ശലഭോദ്യാനം, മാതൃകാ മ്യൂസിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഫലവൃക്ഷങ്ങളുടെയും തെങ്ങിൻതൈകളുടെയും മാതൃകാ തോട്ടങ്ങളും സ്ഥാപിക്കും. ഓർച്ചാഡിന്റെ സൗന്ദര്യവൽക്കരണത്തിനായി ഇരിപ്പിടങ്ങളോടുകൂടിയ പൂന്തോട്ടങ്ങളും നിർമ്മിക്കുന്നുണ്ട്. ജലസേചന കാര്യക്ഷമത ഉറപ്പാക്കാൻ നിലവിലെ കുളം നവീകരിക്കുന്നതിനോടൊപ്പം, വൃക്ഷങ്ങൾക്കും ചെടികൾക്കും വെള്ളമെത്തിക്കുന്നതിനായി മൈക്രോ ഇറിഗേഷൻ സംവിധാനം നടപ്പിലാക്കും.
ജൈവ കൃഷി പരിശീലന യൂണിറ്റിന്റെ കെട്ടിട നിർമ്മാണത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി മൂന്ന് കുഴൽ കിണറുകൾ കുഴിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള പഴയ ഫലവൃക്ഷങ്ങൾ നവീകരിക്കുന്നതിനായി പ്രൂണിംഗ് നടത്താനും കേരള കാർഷിക സർവകലാശാലാ വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധന നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ മുഖ്യ ലക്ഷ്യമായ ഫാം ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഓർച്ചാഡിന്റെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ തുടർച്ചയായി നടപ്പിലാക്കും. 1962ൽ കൃഷി വകുപ്പ് ഏറ്റെടുത്ത, 29 ഇനം മാവിനങ്ങളുള്ള ഈ മാന്തോപ്പ് മികച്ച മാംഗോ ഓർച്ചാഡ് എന്ന നിലയിൽ പ്രശസ്തമാണ്. ഒളൂർ മാവ് മുതൽ അൽഫോൻസ, മല്ലിക, ഹിമാംപസന്ത് തുടങ്ങിയ അപൂർവയിനങ്ങൾ ഇവിടെയുണ്ട്. ഓർച്ചാഡിലെ പ്രായാധിക്യമുള്ള 300ഓളം മാവുകൾ പ്രൂണിങ് നടത്തി നവജീവൻ നൽകുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കേരള കാർഷിക സർവ്വകലാശാലാ വിദഗ്ധരുടെ പരിശോധനയ്ക്കായി കത്ത് നൽകിയിട്ടുണ്ട്. പച്ചക്കറി വിത്തുകൾ, ഫലവൃക്ഷത്തൈകൾ, നാണ്യവിളച്ചെടികൾ, മികച്ച കുരുമുളകുതൈകൾ എന്നിവയുടെ വിതരണ കേന്ദ്രമെന്ന നിലയിൽ ഓർച്ചാഡ് ഇതിനോടകം കർഷകർക്ക് പ്രയോജനകരമാണ്. വിൽപ്പനയിലൂടെ 2025ൽ ഇതുവരെ 28 ലക്ഷം രൂപയുടെ വിറ്റുവരവാണ് പട്ടാമ്പി സെൻട്രൽ ഓർച്ചാഡിന് ലഭിച്ചിട്ടുള്ളത്.