
പാലക്കാട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സി.പി.ആർ (കാർഡിയോ പൾമണറി റെസുസിറ്റേഷൻ) പരിശീലന പരിപാടിയായ 'ഹൃദയപൂർവ്വം' കാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാകളക്ടർ എം.എസ് മാധവിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഹൃദയാഘാതം സംഭവിച്ച വ്യക്തിക്ക് സി.പി.ആർ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്വാസം നൽകുന്നതിനെ സംബന്ധിച്ചുമുള്ള അറിവുകൾ സാധാരണക്കാർ അറിഞ്ഞിരിക്കണം. അവസരോചിതമായ ഇടപെടലുകൾ നടത്താൻ എല്ലാവരും തയ്യാറാവണമെന്നും കളക്ടർ പറഞ്ഞു.
ഹൃദയാഘാതം സംശയിക്കുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രാഥമിക ചികിത്സ നൽകാവുന്ന വിധത്തിൽ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൃദയപൂർവ്വം കാമ്പയിന് സർക്കാർ തുടക്കം കുറിക്കുന്നത്. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും സന്നദ്ധസേവകർക്കും ആശ / കുടുംബശ്രീ പ്രവർത്തകർക്കും ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സർവൈലൻസ് ഓഫീസർ കാവ്യ കരുണാകരൻ അദ്ധ്യക്ഷനായി. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വൈശാഖ് ബാലൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇ.എൽ.എസ് കമ്മിറ്റി ജില്ലാ കോർഡിനേറ്റർ കാജൽ ആബിദ് എന്നിവർ പരിശീലനം നൽകി. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ അഹമ്മദ് അഫ്സൽ, ജില്ലാ ആശുപത്രി സൂപ്രണ്ട് പി.കെ.ജയശ്രീ, പാലക്കാട് ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ബി.ശ്രീരാം, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ എസ്.സയന എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കാമ്പയിന്റെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും, ജില്ലയിലെ ജില്ലാ/താലൂക്ക് ആശുപത്രികളിലും സി.പി.ആർ പരീശീലനങ്ങൾ സംഘടിപ്പിച്ചു.