road-
റോഡിലെ കൈവരികൾ തകർന്ന ഭാഗം

കോന്നി: കുമ്പഴ വെട്ടൂർ അട്ടച്ചാക്കൽ കോന്നി റോഡിലെ വെട്ടൂർ റേഡിയോ ജംഗ്ഷന് സമീപമുള്ള പാലത്തിന്റെ കൈവരികൾ തകർന്നത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ആറു വർഷങ്ങളായെന്നും തകർന്ന കൈവരികൾ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുമ്പഴ, വെട്ടൂർ, മലയാലപ്പുഴ, ആഞ്ഞിലിക്കുന്ന്, അട്ടച്ചാക്കൽ, കിഴക്കുപുറം, ചെങ്ങറ, ആട്ടച്ചാക്കൽ, കോന്നി, പയ്യനാമൺ, കൊന്നപ്പാറ, അതുംബുംകുളം, തണ്ണിത്തോട്, തേക്കുതോട്, ഐരവൺ, അരുവാപ്പുലം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ദിവസവും ഉപയോഗിക്കുന്ന റോഡാണിത്.

രാത്രി യാത്ര, ഭീതിയിൽ നാട്ടുകാർ

മലയോര മേഖലയിലെ ജനങ്ങൾ ജില്ലാ ആസ്ഥാനത്തേക്ക് എത്തിച്ചേരുന്നത് ഈ റോഡിലൂടെയാണ്. വെട്ടൂർ റേഡിയോ ജംഗ്ഷനിലെ റോഡിലെ ഇറക്കത്തിനും, ആഞ്ഞിലിക്കുന്ന് ഇറക്കത്തിനും ഇടയിലാണ് തോടിന് കുറുകെ റോഡിൽ കലുങ്ക് നിർമ്മിച്ചിരിക്കുന്നത്. കുമ്പഴ ഭാഗത്ത് നിന്നും കോന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഇറക്കം ഇറങ്ങിവരുന്ന സ്ഥലത്താണ് പാലത്തിന്റെ കൈവരികൾ തകർന്നു നിൽക്കുന്നത്. രാത്രികാലങ്ങളിൽ ഇവിടെ അപകടങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്.

പ്രധാന റോഡ്, അപകടം കണ്ടില്ലെന്ന് നടിച്ച് അധികൃതർ

പൊതുമരാമത്ത് വകുപ്പിന്റെ റോഡിലെ പാലത്തിന്റെ കൈവരികൾ തകർന്ന സ്ഥലത്ത് റിഫ്ലക്ടർ സ്ഥാപിച്ചിട്ടുണ്ട്. നിരവധി സ്കൂൾ ബസുകളും പാറമടകളിൽ നിന്ന് ലോഡ് കയറ്റി വരുന്ന വലിയ വാഹനങ്ങളും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ശബരിമല തീർത്ഥാടന സമയത്ത് മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്. തണ്ണിത്തോട്, കോന്നി, മലയാലപ്പുഴ, അരുവാപ്പുലം തുടങ്ങിയ മലയോര മേഖലകളിലെ പഞ്ചായത്തുകളിലെ ജനങ്ങൾ ദിവസവും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കുമ്പഴയ്ക്കും കോന്നിക്കും ഇടയിൽ ഗതാഗത തടസം ഉണ്ടായാൽ വാഹനങ്ങൾ തിരിച്ചുവിടുന്നത് ഈ റോഡിലൂടെയാണ്.

.................................

റോഡിലെ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് ആറു വർഷങ്ങളായി കൈവരികൾ പുനസ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണം. പങ്കജാക്ഷൻ അമൃത ( മാധ്യമപ്രവർത്തകൻ

(പ്രദേശവാസി )

.............................

കൈവരികൾ തക‌ർന്നിട്ട് 6 വർഷം