
പത്തനംതിട്ട : വാർദ്ധക്യത്തിലെ ഒറ്റപ്പെടലിൽ നിന്നുള്ള മോചനത്തിനായി സാമൂഹ്യനീതി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സായംപ്രഭ ഹോമുകൾ ഒരുക്കുന്നു. വൃദ്ധജനങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്ന ഇടമായ പകൽ വീടാണ് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ സായംപ്രഭ ഹോമുകളായത്. ജില്ലയിൽ കോന്നി, കലഞ്ഞൂർ എന്നിവിടങ്ങളിലെ സായംപ്രഭ ഹോമുകളിലായി 60 വയസിന് മുകളിലുള്ള 37 പേരുണ്ട്. വൃദ്ധജനങ്ങൾക്ക് ആശയവിനിമയം നടത്തുന്നതിനും ഒത്തുചേരാനും വിനോദവിജ്ഞാനം പങ്കിടാനും ഇവിടെ അവസരമുണ്ട്.
സേവനങ്ങൾ
1. പ്രാദേശിക തലത്തിൽ വൃദ്ധജനങ്ങളുടെ അവകാശ സംരക്ഷണ പ്രവർത്തനങ്ങളുടെ ഏകോപനം, സർക്കാർസർക്കാരിതര സേവനം ലഭ്യമാക്കൽ. സമഗ്ര ആരോഗ്യപരിചരണം, കലാകായിക പ്രവർത്തനങ്ങളുടെ പ്രോത്സാഹനം, വിനോദയാത്ര, തൊഴിലവസരമൊരുക്കൽ, കെയർ ഗിവർമാരുടെ സേവനം, പഞ്ചായത്തുകളുടെ സഹായത്തോടെ പോഷകാഹാരം തുടങ്ങിയ സൗകര്യം ഹോമിലുണ്ട്.
2. ഹോമിൽ എത്താനാകാത്ത വയോജനങ്ങൾക്ക് കുടുംബശ്രീ, ആശാ, സാക്ഷരത പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവരുമായി സഹകരിച്ച് സേവനം ലഭ്യമാക്കുന്നു.
3. വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയ മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്തും നൈപുണ്യവും പ്രാദേശിക വികസനത്തിന് പ്രയോജനപ്പെടും വിധം സായംപ്രഭ പ്രവർത്തിക്കുന്നു.
വൃദ്ധജനങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കാൻ ഐടി വകുപ്പുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ നടപ്പാക്കും.
ജെ.ഷംലാബീഗം
സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസർ