village-
കലഞ്ഞൂർ സ്മാർട്ട് വില്ലേജ് ഓഫീസിനായി കണ്ടെത്തിയ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിലുള്ള സ്ഥലം

കോന്നി: അഞ്ചു വർഷങ്ങൾക്കു മുൻപ് നിർമ്മാണത്തിന് തുക അനുവദിച്ചിട്ടും കലഞ്ഞൂർ സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർത്ഥ്യമായില്ല. സ്മാർട്ട് വില്ലേജ് ഓഫീസിനായി 2020ൽ 44 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. കലഞ്ഞൂർ, കൂടൽ വില്ലേജ് ഓഫീസുകൾക്ക് കെട്ടിടങ്ങൾ നിർമ്മിക്കാൻ ഒരുപോലെയാണ് ഫണ്ട് അനുവദിച്ചതും നിർമ്മാണ ഉദ്ഘാടനം നടത്തിയതും. കൂടൽ വില്ലേജ് ഓഫീസ് കെട്ടിടം പണി പൂർത്തിയായിട്ടും കലഞ്ഞൂരിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞില്ല. 2018 ലെ പ്രളയത്തിൽ കലഞ്ഞൂർ ജംഗ്ഷന് സമീപമുള്ള വില്ലേജ് ഓഫീസ് മുങ്ങിപ്പോയിരുന്നു. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതായിരുന്നു കെട്ടിടം. ആവശ്യമായ സൗകര്യങ്ങളും ഇല്ലായിരുന്നു. രണ്ട് ഇടുങ്ങിയ മുറികളിലായിരുന്നു പ്രവർത്തനം. തുടർന്നാണ് സ്മാർട്ട് വില്ലേജ് ഓഫീസാക്കാൻ 44 ലക്ഷം രൂപ സർക്കാർ അനുവദിച്ചത് കലഞ്ഞൂർ ജംഗ്ഷനിൽനിന്ന് 400 മീറ്റർ അകലെ ഉദയാ ജംഗ്ഷനിലെ റവന്യു വകുപ്പിന്റെ സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ പദ്ധതി തയാറാക്കി നിർമ്മാണ ഉദ്ഘാടനവും നടത്തി. പിന്നീട് കെട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസിന് അരികിൽ നിർമ്മിക്കാൻ തീരുമാനിച്ചു. പഴയ വില്ലേജ് ഓഫീസ് കെട്ടിടം ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യം ശേഖരിക്കാനും ഉപയോഗിച്ചു. സ്വന്തം കെട്ടിടം ഇല്ലാത്തതിനാൽ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ഇടത്തറയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി. റവന്യൂ സർവേ ടീം വില്ലേജ് ഓഫീസിനുള്ള കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിന് മുമ്പിലുള്ള സ്ഥലം അളന്നിരുന്നു. കെട്ടിടത്തിന്റെ സ്ഥലം അളന്ന് വന്നപ്പോൾ ഇവിടെ വഴിയായി ഉപയോഗിക്കുന്നതിന് പകുതിയോളം സ്ഥലം വരെ വില്ലേജ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്ഥലമായി മാറും എന്നാണ് കണ്ടത്. ഇതോടെ ഇവിടെ വില്ലേജ് കെട്ടിടം പണിയാനുള്ള നീക്കവും പ്രതിസന്ധിയായി.

.......................................

കലഞ്ഞൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

രാജേന്ദ്രൻ

( ജില്ലാ വൈസ് പ്രസിഡന്റ്,

കേരളകൗമുദി റീഡേഴ്സ് ക്ലബ് )

.............................................

2020 ൽ 44 ലക്ഷം രൂപ അനുവദിച്ചു