ഏഴംകുളം : ഏഴംകുളം- കൈപ്പട്ടൂർ റോഡിൽ നിന്നും തറയിലയ്യത്ത് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡിൽ കുണ്ടും കുഴിയും നിറഞ്ഞു തകർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. അപകടകരമായ കുഴികൾ റോഡിൽ പലയിടത്തായി രൂപപ്പെട്ടിട്ടുണ്ട്. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 2,4,20 വാർഡുകളുടെ അതിർത്തി പങ്കിടുന്ന റോഡ് കൂടിയാണിത്.സുബ്രഹ്‌മണ്യ ക്ഷേത്രം പഞ്ചായത്തിൽ നിന്നും അധികം ഇല്ലാത്തതിനാൽ സ്ഥലത്ത് നിന്ന് മാത്രമല്ല ദൂരദേശങ്ങളിൽ നിന്ന് വരെ ഭക്തജനങ്ങൾ തറയില്ലയ്യത്ത് ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്. റോഡ് തകർന്നു കിടക്കുന്നത് മൂലം യാത്ര ദുരിതം വർദ്ധിക്കുകയാണ്. പലപ്പോഴായി ഇരു ചക്രവാഹനങ്ങളും മറ്റും ഈ കുഴിയിൽ വീണ് അപകടം സംഭവിക്കുമ്പോഴും റോഡ് നവീകരിക്കാൻ യാതൊരു ശ്രമവും നടന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിട്ടും റോഡ് നവീകരിക്കാത്തതിൽ പ്രദേശവാസികളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.