തിരുവല്ല : എം.സി റോഡിലെ പന്നിക്കുഴി പാലത്തിന്റെ അടിയിൽ നീരൊഴുക്കിന് തടസമായി നിൽക്കുന്ന കോൺക്രീറ്റ് മാലീന്യങ്ങൾ നീക്കം ചെയ്യുന്നതിനും സംരക്ഷണഭിത്തി കെട്ടുന്നതിനുമായി 6.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. പൊതുമരാമത്ത് നാഷണൽ ഹൈവേ വിഭാഗം ചീഫ് എൻജിനീയറാണ് ഇതിനായി പണം അനുവദിച്ച് ഉത്തരവിട്ടതെന്ന് മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. പാലത്തിന്റെ അടിഭാഗത്തായി ഉറഞ്ഞിരുന്ന കോൺക്രീറ്റ് നിക്ഷേപം തോടിന്റെ ഒഴുക്കിനെ ഈ ഭാഗത്ത് തടസപ്പെടുത്തിയിരിക്കുകയാണ്. തിരുവല്ല നഗരസഭയിലെ 1, 2, 3, 38 എന്നീ വാർഡുകളിൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും തോടിന്റെ തീരത്തുള്ള വീടുകളിൽ നിന്ന് വെള്ളം ഇറങ്ങാത്ത സാഹചര്യവും സൃഷ്ടിച്ചിരുന്നു. ജില്ലാ വികസന സമിതിയിൽ എം.എൽ.എ നിരന്തരം ഈ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളായത്.