anniversary
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പന്ത്രണ്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡ് സെക്രട്ടറിയും കൊൽക്കത്ത, ജോർഹാത് അതിരൂപതാ ആർച്ച് ബിഷപ്പുമായ ജോഷ്വാ മോർ ബർണബാസ് എപ്പിസ്കോപ്പ കേക്ക് മുറിക്കുന്നു.

തിരുവല്ല : ശാസ്ത്രവും സഹാനുഭൂതിയും കൈകോർക്കുന്നയിടത്താണ് ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡ് സെക്രട്ടറിയും കൊൽക്കത്ത, ജോർഹാത് അതിരൂപതാ ആർച്ച് ബിഷപ്പുമായ ജോഷ്വാ മോർ ബർണബാസ് എപ്പിസ്കോപ്പ പറഞ്ഞു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പന്ത്രണ്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന നന്ദി പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം എന്നതിന് ശാരീരികവും മാനസികവും ആത്മീയവും ആയ ആരോഗ്യം എന്നാണർത്ഥം. ആരോഗ്യത്തെ സ്വാസ്ഥ്യം എന്നും സമാധാനം എന്നും വിശാലമായ അർത്ഥത്തിൽ വിശദീകരിക്കാൻ കഴിയും. കഴിഞ്ഞ 12 വർഷങ്ങളിൽ ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യം വീണ്ടെടുക്കുവാൻ സഹായിച്ചതിലൂടെ ഏറ്റവും ഉചിതമായ സമാധാനപ്രവർത്തനമാണ് ബിലീവേഴ്സ് ആശുപത്രി നിർവഹിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ.ഫാ.സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ ആദ്യം ജോലിയിൽ പ്രവേശിച്ച ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ജീവനക്കാർ വേദിയിൽ സന്നിഹിതരായി.