sabarimala

ശബരിമല: ഓണപൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് ഹോമകുണ്ഡത്തിൽ അഗ്നിതെളിക്കും.
നാളെ പ്രത്യേക പൂജകളില്ല. ഉത്രാട ദിനമായ 4ന് രാവിലെ അഞ്ചിന് നടതുറക്കും. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിൽ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട ദിനത്തിൽ മേൽശാന്തിയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരും അവിട്ടം ദിനത്തിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുമാണ് ഓണസദ്യ നടത്തുക. ഏഴിന് രാത്രി 9.50ന് ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിനാൽ പൂജകൾ നേരത്തെ പൂർത്തിയാക്കി രാത്രി 9ന് നടയടയ്ക്കും.