തിരുവല്ല: വാഹനമിടിച്ച് പരിക്കേറ്റ അന്യസംസ്ഥാന ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കി വാഹനാപകടത്തിൽ പൊലീസ് കേസെടുത്തത് വിവാദമായി. എ.ഐ.ജി വി.ജി.വിനോദ്കുമാറിന്റെ സ്വകാര്യവാഹനം അപകടത്തിൽപ്പെട്ട സംഭവത്തിലാണ് പൊലീസിന്റെ വിചിത്ര നടപടി. പരിക്കേറ്റയാളുടെ മൊഴിയെടുക്കാതെ എ.ഐ.ജിയുടെ സ്വകാര്യവാഹനം ഓടിച്ച പൊലീസ് ഡ്രൈവറുടെ മൊഴി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആഗസ്റ്റ് 30ന് രാത്രി 10.50ന് എം.സി റോഡിൽ കുറ്റൂരിലാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വന്ന എ.ഐ.ജി സഞ്ചരിച്ച മഹീന്ദ്ര എക്‌സ് യു.വി 700 വാഹനത്തിന് കുറുകെ അന്യസംസ്ഥാന തൊഴിലാളി ചാടിയെന്നും അപ്പോൾ വണ്ടിതട്ടി തലയിലും മുഖത്തും തോളത്തും മുറിവു പറ്റിയെന്നുമാണ് എഫ്.ഐ.ആർ. എന്നാൽ ഇതരസംസ്ഥാന തൊഴിലാളിയെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നെന്നാണ് ആക്ഷേപം.
അപകടത്തിൽ സാരമായി പരിക്കേറ്റ തൊഴിലാളി പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. എ.ഐ.ജിയുടെ കാറിന് വന്ന കേടുപാടുകളും എഫ്.ഐ.ആറിൽ വിവരിക്കുന്നുണ്ട്. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിലാക്കിയശേഷം വാഹനത്തിന്റെ ഡ്രൈവർ എ.കെ.അനന്തു പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. വാഹനത്തിൽ എ.ഐ.ജി ആയിരുന്നതിനാലും വിവാദം ഒഴിവാക്കാനായും ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവറുടെ വൈദ്യപരിശോധന നടത്തുന്ന പതിവുണ്ട്. ഇവിടെ അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, അയാളുടെ മൊഴിപ്രകാരം കാൽനടയാത്രികനെതിരേ കേസെടുക്കുകയും ചെയ്തു. എസ്.ഐ ഡൊമിനിക് മാത്യുവാണ് എഫ്.ഐ.ആർ തയാറാക്കിയത്. വഴിവിട്ട് കേസെടുത്ത വിവരം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതുസംബന്ധിച്ച് എസ്.പി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.