തിരുവല്ല: ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന വിശ്വാസസ്വാതന്ത്ര്യം ആർക്കും കവർന്നെടുക്കാനാവില്ലെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത പറഞ്ഞു. മാർത്തോമ്മാ സഭയുടെ വാർഷിക പ്രതിനിധി മണ്ഡലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടർ പട്ടികയിലെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരോട് തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തിനാണ് അസഹിഷ്ണുത കാട്ടുന്നത്. സാങ്കേതികത്വത്തിന്റെ പേരിൽ അവകാശം നിഷേധിക്കിലല്ല. തെറ്റ് തിരുത്താൻ അവകാശം നൽകുകയാണ് വേണ്ടത്. വോട്ടവകാശം ഭരണകൂടത്തെ നിർണ്ണയിക്കാനുള്ള പൗരന്റെ അവകാശമാണ്. അതുതടയാനും ആട്ടിമറിക്കാനും ഭരണാധികാരികൾക്കോ ഭരണഘടനാ സ്ഥാപനങ്ങൾക്കോ അവകാശമില്ല.
രാജ്യത്താകമാനം ക്രൈസ്തവർക്കെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളും പൊലീസ് നടപടികളും സൃഷ്ടിക്കുന്ന ആശങ്ക ഒട്ടും ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. എം. തോമസ് മാത്യു ധ്യാനപ്രസംഗം നടത്തി. സഫ്രഗൻ മെത്രാപ്പൊലീത്തമാരായ ഡോ. യുയാക്കിം മാർ കൂറി ലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ്, എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. ഐസക് മാർ ഫിലക്സിനോസ്, ഡോ. എബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തൂസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം, ഡോ. ജോസഫ് മാർ ഇവാനിയോസ്, സഭാ സെക്രട്ടറി റവ.എബി. ടി. മാമ്മൻ തുടങ്ങിയവർ സംസാരിച്ചു. ലോകമെങ്ങും നിന്നുള്ള 1604 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. നാളെ സമാപിക്കും.