ഏഴംകുളം : നവീകരണം പൂർത്തിയായ ഏഴംകുളം - കൈപ്പട്ടൂർ റോഡിലെ പുതുമല രണ്ടാംകുറ്റി വളവ് അപകട മേഖലയായി. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. കൊടുംവളവിലെ ഒരുവശം റോഡിൽ നിന്ന് ഏറെ താഴ്ന്നതാണ്. പുതുമല റേഷൻ കട ജംഗ്ഷൻ മുതൽ രണ്ടാംകുറ്റി ജംഗ്‌ഷൻ വരെയാണ് അപകടഭീഷണി. റോഡ് നവീകരണം പൂർത്തിയായെങ്കിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഏഴംകുളം - കൊടുമൺ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണിവിടം. ജനവാസ മേഖലയല്ലാത്തതിനാൽ രാത്രികാലങ്ങളിൽ അപകടമുണ്ടായാൽ അറിയാനും വൈകും. വളവിൽ മാലിന്യനിക്ഷേപവും മദ്യപശല്യവും രൂക്ഷമാണ്. റോഡിന്റെ ഒരുവശത്ത് വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ ഇടിച്ചാൽ ഇവയ്ക്ക് താങ്ങാൻ ശേഷിയില്ല. മുന്നറിയിപ്പ് ബോർഡുകളും വേഗനിയന്ത്രണ സംവിധാനവും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.