04-manimala-river
മണിമല ആറിന്റെ തീരമിടിയുന്നു

മല്ലപ്പള്ളി: മല്ലപ്പള്ളി വായ്പ്പൂര് ഭാഗത്ത് മണിമലയാറിന്റെ തീരമിടിയുന്നത് പ്രദേശവാസികളിൽ ഭീതി പടർത്തുന്നു. പ്രദേശവാസികളുടെ ഏക്കറുകൾ കണക്കിന് ഭൂമിയാണ് ഇപ്പോൾ തന്നെ പുഴ കവർന്നടുക്കുന്നത്. ശാസ്താംകോയിക്കൽ ഭാഗത്ത് വൈദ്യശാലക്കടവ്, അങ്ങാടിക്കടവ് ഭാഗങ്ങളിലാണ് അപകടകരമായ രീതിയിൽ ആറ്റുതീരം ഇടിയുന്നത്. ഇതുമൂലം മണിമലയാറിനോട് ചേർന്ന് താമസിക്കുന്ന അംഗവൈകല്യമുള്ള മറ്റത്തുമാക്കൽ രാജി ഉൾപ്പടെയുള്ള പ്രദേശവാസികളുടെ ജീവനും സ്വത്തിനും അപകടഭീഷണിയിലാണ്. വായ്പ്പൂര് - പാടിമൺ- മല്ലപ്പള്ളി ജേക്കബ്‌സ് റോഡിനോട് ചേർന്നാണ് മണിമലയാറ് സ്ഥിതി ചെയ്യുന്നത്. തീരമിടിച്ചിൽ വ്യാപകമായതോടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിനും അപകടാവസ്ഥ നേരിടുന്നുണ്ട്. മഴയും വെള്ളപ്പൊക്കവും രൂക്ഷമാകുന്നതോടെ ജനങ്ങൾ ഭീതിയിലാണ്. പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്ന വിധമാണ് ആറ്റുതീരം ഇടിയുന്നത്. സുരക്ഷയ്ക്ക് സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ പുഴയുടെ ഒഴുക്ക് ശക്തമാകുമ്പോൾ പ്രദേശവാസികൾ ആശങ്കയിലാണ്. ശാസ്താംകോയിക്കൽ അങ്ങാടി കടവ് വൈദ്യ ശാലകടവ് ഭാഗങ്ങളിൽ ആറ്റുതീരമിടിയുന്നത് തടയാൻ അടിയന്തരമായി സംരക്ഷണ ഭിത്തി നിർമ്മിച്ച് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ കുറഞ്ഞ നാളുകളിൽ ഏക്കറുകണക്കിന് ഭൂമികളാണ് പുഴ കവർന്നുകൊണ്ടിരിക്കുന്നത്. കർഷകരുടെ അധ്വാനങ്ങളിൽ ഏറിയപങ്കും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. വൃക്ഷങ്ങളും കാർഷികവിളകളും ഒലിച്ചു പോയതോടെ ജനങ്ങൾ പ്രതിസന്ധിയിലാണ്.

.........................................

മണിമലയാറിന്റെ സംരക്ഷണഭിത്തികൾ ഇടിയുന്നത് ചൂണ്ടിക്കാട്ടി ഇതിനു മുമ്പും കേരളകൗമുദി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. അധികൃതർ കണ്ണു തുറന്നില്ലങ്കിൽ വലിയ ദുരന്തങ്ങൾക്ക് ജനങ്ങൾ സാക്ഷിയാകേണ്ടി വരും.

(പ്രദേശവാസികൾ)