bus
ചിറക്കാല ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കിപ്പണിതപ്പോൾ

ചിറക്കാല: തിരുവല്ല- കുമ്പഴ റോഡിൽ ആന്റോ ആന്റണിയുടെ എം.പി ഫണ്ടിൽ നിന്ന് നിർമ്മിച്ച കാത്തിരിപ്പു കേന്ദ്രം പൊളിഞ്ഞു വീണത് പുതുക്കിപ്പണിതു. ടോറസ് ലോറിയിടിച്ച് നാല് മാസമായി കാത്തിരിപ്പ് കേന്ദ്രം തകർന്നു കിടക്കുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ കളക്ടറും പാെലീസും ഇടപെട്ട് ലോറി ഉടമകളുടെ ചെലവിലാണ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ചത്.

ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ വിൻസൻ തോമസ് ചിറക്കാലയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം പി.എംജോൺസൻ, പൊതുപ്രവർത്തകൻ സിനു ഏബ്രഹാം എന്നിവർ കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കാൻ സമരം നടത്തിവരികയായിരുന്നു. ജില്ലാകളക്ടർ, എസ്.പി. ഡി വൈ.എസ്.പി.പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നു. ഇലന്തൂർ ജനകീയ സമിതി, വാര്യാപുരം വൈ എം.എ തുടങ്ങിയ സംഘടനകളും സമരപരിപാടികൾക്ക് നേതൃത്വം നൽകി.