photo

കോന്നി : കോന്നിയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കരിയാട്ടം ഘോഷയാത്ര നാളെ നടക്കും. കോന്നിയുടെ ചരിത്രവും പൈതൃകവും നാളെ നടക്കുന്ന കരിയാട്ടത്തിലൂടെ വീണ്ടും പുനർജ്ജനിക്കും. കരിവീരൻമാരും നൂറുകണക്കിന് ആനവേഷധാരികളും അണിനിരക്കും. 2023ൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നി ലോകത്തിന് സമ്മാനിച്ച കലാരൂപമാണ് കരിയാട്ടം. നാളെ വൈകിട്ട് മൂന്നിന് എലിയറക്കൽ ജംഗ്ഷനിൽ നിന്ന് ആയിരങ്ങളുടെ അകമ്പടിയിൽ ഘോഷയാത്ര ആരംഭിക്കും. കരിവീരൻമാർക്കൊപ്പം അഞ്ഞൂറോളം ആനവേഷ ധാരികളായ കലാകാരൻമാരാണ് പ്രത്യേക താളത്തിൽ കരിയാട്ടം അവതരിപ്പിക്കുന്നത്.

പഞ്ചാരിമേളം, പാണ്ടിമേളം,തായമ്പക, വിവിധ കലാരൂപങ്ങൾ,നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാതല ഓണാഘോഷത്തിന്റെ സമാപനം കൂടിയാണ് കരിയാട്ടം ഘോഷയാത്ര. സമാപന സമ്മേളനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും മത - സാമുദായിക -സാംസ്കാരിക നേതാക്കളും പങ്കെടുക്കും.

കരിയാട്ടത്തിന്റെ ചരിത്രം

എ.ഡി. 75-ാം ആണ്ടിൽ പാണ്ഡ്യദേശത്ത് നിന്ന് കോന്നിയൂരിൽ എത്തി നാട്ടുരാജ്യം സ്ഥാപിച്ച ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്ന് ലഭിച്ച അവശനായ കുട്ടിക്കൊമ്പനെ സംരക്ഷിച്ച് കരിങ്കൊമ്പൻ എന്ന പേരിൽ വളർത്തി. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ കൊമ്പനെ ഒരിക്കൽ പോലും ചങ്ങലയ്ക്ക് ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും കരിങ്കൊമ്പനെ കൊണ്ടുപോകുകയും ചെയ്തു. ദു:ഖിതരായ നാട്ടുകാർ പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചുതരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല. നാട്ടുകാർ തിരികപ്പോയ ശേഷം കൊമ്പൻ ഭക്ഷണവും വെള്ളവും എടുക്കാതെ ഒറ്റനിൽപ്പ് തുടർന്നു . ഒടുവിൽ 21 ദിവസങ്ങൾക്ക് ശേഷം രാജാവ് കൊമ്പനെ കോന്നിയൂരിലേക്ക് തിരിച്ചയ്ക്കാൻ തീരുമാനിച്ചു. കൊമ്പന്റെ തിരിച്ചുവരവിൽ സന്തോഷം കൊണ്ട് കോന്നിയൂർ ദേശം ഉത്സവപ്പറമ്പ് പോലെയായി. നാട്ടിലെ എല്ലാ ആനകളേയും കൂട്ടിയെത്തി കരിങ്കൊമ്പനെ വരവേൽക്കാൻ അവർ തീരുമാനിച്ചെങ്കിലും ഇത്രയധികം ദൂരം ആനകളെ നടത്താനുള്ള ബുദ്ധിമുട്ടിൽ ആ ശ്രമം ഉപേക്ഷിച്ചു. പകരം നാട്ടുകാർ ആനവേഷം കെട്ടി പന്തളത്തെത്തി കൊമ്പനെ സ്വീകരിച്ച് കോന്നിക്ക് ആനയിച്ചു. ഈ ചരി​ത്രസംഭവത്തി​ന്റെ സ്മരണയായാണ് കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്.

കോന്നി ലോകത്തിന് സംഭാവന നൽകിയ പുത്തൻ കലാരൂപമാണ് കരിയാട്ടം. നൂറ്റാണ്ടുകളായുള്ള കോന്നിയുടെ ആന പെരുമ നിലനിറുത്താനാണ് സംസ്കാരവും പൈതൃകയും ‌ഊട്ടിയുറപ്പിക്കുന്ന കരിയാട്ടം ചിട്ടപ്പെടുത്തിയത്. കരിവീരൻമാർക്കൊപ്പം ആളുകൾ ആനവേഷം കെട്ടി പ്രത്യേക താളത്തിൽ ആടുന്നതാണ് കരിയാട്ടം. യഥാർത്ഥ ആനയുടെ രൂപഭാവത്തിലാണ് ആന വേഷം നിർമ്മിച്ചിട്ടുള്ളത്.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ