palli

പത്തനംതിട്ട : ആറൻമുള ഉത്രട്ടാതി ജലമേളയ്ക്കായി ഒരുങ്ങി പള്ളിയോടക്കരകൾ. ഓളപരപ്പിൽ പള്ളിയോടങ്ങളുടെ മാമാങ്കത്തിന് ഇനി ഒരുനാൾ കൂടി. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള കരകളിലെ 52 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുക്കും. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 17 പള്ളിയോടങ്ങളുമാണുള്ളത്. ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്.
സത്രക്കടവിൽ നിന്ന് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതൽ സത്രക്കടവ് വരെ മത്സരവള്ളംകളിയും നടക്കും.

വള്ളംകളിയുടെ നിബന്ധനകൾ കർശനമായി പാലിച്ച് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞെത്തുന്ന നാല് പള്ളിയോടങ്ങളെ ഫൈനലിലേക്കു രണ്ട് ബാച്ചുകളിലായി തിരഞ്ഞെടുക്കും. എ ബാച്ച് പള്ളിയോടങ്ങൾക്ക് ലൂസേഴ്‌സ് ഫൈനലും ഉണ്ടാകും. മുൻപ് ഗ്രൂപ്പ് അടിസ്ഥാനത്തിലായിരുന്നു ഫൈനൽ പ്രവേശനം.
മത്സരവള്ളംകളി ആധുനിക സംവിധാനങ്ങളോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോട്ടോ ഫിനിഷിൽ ഓരോവള്ളവും ഫിനിഷിംഗ് പോയിന്റ് കടന്ന സമയം ഡിസ്പളേ ബോർഡിൽ രേഖപ്പെടുത്തും. കരകളിൽ നിന്നുള്ള തുഴച്ചിൽക്കാർ മാത്രമേ പള്ളിയോടങ്ങളിൽ കയറാവൂവെന്ന കർശന നിർദേശമുണ്ട്.

ജില്ലയ്ക്ക് അവധി

പത്തനംതിട്ട : ആറൻമുള ഉത്രട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും അങ്കണവാടി, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷയ്ക്കും യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കും അവധി ബാധകമല്ല.