റാന്നി : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് റാന്നിയിൽ വിപുലമായ പരിപാടികൾ നടക്കും. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും 48 ശാഖാ യോഗങ്ങളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ വൈവിദ്ധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് 2ന് റാന്നി വൈക്കം ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് വർണാഭമായ ജയന്തി ഘോഷയാത്ര ആരംഭിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ഗുരുദേവ ചിത്രം വഹിച്ചുള്ള അലങ്കരിച്ച രഥം, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടിയേകും. റാന്നി -പെരുമ്പുഴ ടൗണിൽ കൂടി മാമ്മൂക്ക് ജംഗ്ഷൻ വഴി ഇട്ടിയപ്പാറ ശ്രീനാരായണ നഗറിൽ ( സ്വകാര്യ ബസ് സ്റ്റാൻഡ്) ഘോഷയാത്ര സമാപിക്കും. ജയന്തി മഹാസമ്മേളനം ഘോഷയാത്രയ്ക്ക് ശേഷം ശ്രീനാരായണ നഗറിൽ നടക്കുന്ന ജയന്തി മഹാസമ്മേളനത്തിൽ റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ സ്വാഗതം ആശംസിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ അദ്ധ്യക്ഷനാകുന്ന സമ്മേളനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വിശ്വസംസ്ക്കാരഭവൻ സെക്രട്ടറി ശങ്കരാനന്ദ സ്വാമി പ്രഭാഷണം നടത്തും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. ജയന്തി സന്ദേശം നൽകും. മുൻ എം.എൽ.എ രാജു ഏബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മോഹനൻ, റൂബി കോശി , പ്രമോദ് പി. ആർ, പ്രകാശ് കുഴിക്കാല , സോണിയ മനോജ് , ബിന്ദു റെജി , ലത മോഹനൻ, എ.ബഷീർ, പ്രമോദ് വാഴാംകുഴിയിൽ, സുകുലാൽ പി.എസ്, ഇന്ദിര മോഹൻദാസ്, ഷീജാ വാസുദേവൻ , ദീപു കണ്ണന്നുമൺ, ആദർശ് പുതുശേരിമല, സൂരജ് വയറൻമരുതിക്കൽ, അനൂപ് കമലാസനൻ, സിന്ധു കുടമുരുട്ടി, പി.കെ. വാസുദേവൻ എന്നിവർ സംസാരിക്കും. അജയ് ഹാച്ചറി മാനേജിംഗ് ഡയറക്ടർ ഡോ.പി.വി.ജയൻ സമ്മാനദാനം നിർവഹിക്കും.