thoni

ആറന്മുള : ഭഗവാന് ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പുറപ്പെട്ട തിരുവോണത്തോണിക്ക് പാർത്ഥസാരഥി ക്ഷേത്രക്കടവിൽ ആയിരക്കണക്കിന് ഭക്തരും പളളിയോട സേവാസംഘം, ദേവസ്വം, ക്ഷേത്ര ഉപദേശക സമതി ഭാരവാഹികളും ചേർന്ന് സ്വീകരണമൊരുക്കി. തുടർന്ന് കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം പ്രതിനിധി മങ്ങാട്ട് അനൂപ് നാരായണൻ ഭട്ടതിരി കാട്ടൂരിൽ നിന്ന് കൊണ്ട് വന്ന ദീപവമായി ക്ഷേത്ര ശ്രീകോവിലിലേക്ക് പ്രവേശിക്കും മുമ്പ്, ആറന്മുള മേൽശാന്തി എസ്.എസ്.നാരായണൻ പോറ്റി ക്ഷേത്രത്തിലെ കെടാവിളക്കിലെ ദീപവും ക്ഷേത്രത്തിലെ വിളക്കുകളും അണച്ച് ഭട്ടതിരിയെ കാത്തുനിന്നു. ക്ഷേത്രത്തിലെ കെടാവിളക്കിലേക്ക് പകരാനുളള ദീപം ഭട്ടതിരി മേൽശാന്തിക്ക് കൈമാറി. കെടാവിളക്കിൽ ദീപം തെളിയിച്ചശേഷം ഭഗവാനുളള ഓണസദ്യ വിഭവങ്ങൾക്കുളള ചിട്ടവട്ടങ്ങൾക്ക് തുടക്കമായി. ഭഗവാനോപ്പം ഓണസദ്യ കഴിച്ച ഭട്ടതിരി വൈകിട്ടത്തെ ദീപാരാധനയ്ക്ക് ശേഷം ദേവസ്വം ബോർഡ് നൽകിയ കിഴിപ്പണം സ്വികരിച്ച് അത് ഭണ്ഡാരത്തിൽ നിക്ഷേപിച്ച് അടുത്തവർഷവും ഇതിന് സാദ്ധ്യമാകണമെന്ന് പ്രാർത്ഥിച്ച് പാർത്ഥസാരഥിയെ നമസ്‌കരിച്ച് കരമാർഗം കുമാരനല്ലൂരിന് പുറപ്പെട്ടു.