
143 ബസുകളിൽ ഒന്നുപോലുമില്ല
പത്തനംതിട്ട: ഒാണസമ്മാനമായി കെ.എസ്. ആർ.ടി.സി പുതിയ ബസുകൾ നിരത്തിലിറക്കിയപ്പോൾ ജില്ലയിലെ ഡിപ്പോകളെ തഴഞ്ഞു. 143 ബസുകളിൽ ഒന്നുപോലും പത്തനംതിട്ടയ്ക്കില്ല.ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, ഓർഡിനറി എന്നിങ്ങനെ പുതിയ ബസുകൾ മറ്റു ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്തുതുടങ്ങി. മാനന്തവാടി, തിരുവനന്തപു രം, കാഞ്ഞങ്ങാട് ഡിപ്പോകൾക്കാണ് പുതിയ സൂപ്പർ ഫാസ്റ്റ് ലഭിച്ചത്.
കട്ടപ്പന, കൊട്ടാരക്കര, പത്തനാപുരം, കാസർകോട് , കായംകുളം, നിലമ്പൂർ, തിരുവനന്തപുരം, പുനലൂർ, ഈരാറ്റുപേട്ട ഡിപ്പോകൾക്കാണ് ഫാസ്റ്റ് ബസ് അനുവദിച്ചത്. കൊല്ലം, എറണാകുളം, മൂന്നാർ, ബത്തേരി, ചേർത്തല, മൂവാറ്റുപുഴ, വടക്കാഞ്ചേരി, കാഞ്ഞങ്ങാട്, കോട്ടയം, കോതമംഗലം ഡിപ്പോകൾക്ക് ലിങ്ക് ബസുകൾ ലഭിച്ചു. പത്തനാപുരം, കട്ടപ്പന, വെള്ളറട ഡിപ്പോകൾക്ക് ഓർഡിനറി ബസ് ലഭിച്ചു.
പഴഞ്ചനുമായി പത്തനംതിട്ട
ബംഗളൂരു , കോയമ്പത്തൂർ അന്തർ സംസ്ഥാന സർവീസുകൾ പത്തനംതിട്ടയിൽ നിന്നുണ്ട്. തിരുവല്ലയിൽ നിന്നു ബംഗളുരു സർവീസുമുണ്ട്. ഇവയെല്ലാം പഴയ ബസുകളാണ്. ഒാരോ ബസുകൾ പത്തനംതിട്ടയ്ക്കും തിരുവല്ലയ്ക്കും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മറ്റു ജില്ലകളിലെ ഡിപ്പോകൾക്ക് ബസുകൾ വീതിച്ചു നൽകിയപ്പോൾ പത്തനംതിട്ടയെ അവഗണിക്കുകയായിരുന്നു.
മറ്റു ജില്ലകൾക്ക് അനുവദിച്ച പുതിയ ബസുകളിൽ പത്തനംതിട്ട വഴി സർവീസ് നടത്തുന്നവയുണ്ട്. പുനലൂർ ഡിപ്പോയ്ക്ക് ലഭിച്ച പുതിയ ബസ് ഗുരുവായൂരിന് സർവീസ് നടത്തുമെന്നാണ് അറിയുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പുറപ്പെടുന്ന ബസ് പത്തനംതിട്ട വഴിയാണ് സർവീസ് നടത്തുന്നത്. ഗുരുവായൂരിൽ നിന്ന് തിരികെ രാവിലെ 10.30ന് പുറപ്പെടുന്ന ബസ് പത്തനംതിട്ട വഴി പുനലൂരിന് പോകും. കട്ടപ്പന ഡിപ്പോയ്ക്ക് ലഭിച്ച പുതിയ ബസ് തിരുവനന്തപുരം സർവീസിന് അനുവദിക്കും. ഇത് പത്തനംതിട്ട വഴിയാണ് യാത്ര.
ഗവിയിലേക്കും പുതിയ ബസില്ല
പത്തനംതിട്ട ഡിപ്പോയിൽ മികച്ച വരുമാനം ലഭിക്കുന്ന ഗവി ഷെഡ്യൂളിനു പുതിയ ബസ് പ്രതീക്ഷിച്ചിരുന്നു. നിലവിലുള്ള ബസുകൾ കാലപ്പഴക്കത്താൽ പലപ്പോഴും വഴിയിൽ കിടക്കാറുണ്ട്. ഗവിയിലേക്കുള്ള വിനോദ യാത്രക്കാർക്ക് യാത്ര പൂർത്തിയാക്കാൻ കഴിയാറില്ല. പത്തനംതിട്ട ഡിപ്പോയിൽനിന്നു രണ്ടും സ്ഥിരം ഷെഡ്യൂളുകളാണ് ഗവിയിലേക്കുള്ളത്.
പുനലൂർ ഡിപ്പോയുടെ ഗുരുവായൂർ ഷെഡ്യൂളിനു പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് ലഭിച്ചു.
---------------------
'' ആദ്യഘട്ടത്തിലെ ബസുകളാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ അനുവദിക്കുമ്പോൾ പത്തനംതിട്ടയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ട ഡിപ്പോ അധികൃതർ