പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ ഒാണസമ്മാനമായ ഹാപ്പിനെസ് പാർക്കിൽ വൻ തിരക്ക്. ഒാണാവധിക്ക് കുട്ടികൾക്ക് ആഘോഷിക്കാൻ പറ്റിയ ഇടമായി പാർക്ക്. ഇക്കഴിഞ്ഞ നാലിനാണ് ഹാപ്പിനെസ് പാർക്ക് തുറന്നത്. ഇതിനകം നൂറുകണക്കിന് കുട്ടികൾ പാർക്കിലെത്തി. ഹാപ്പിനെസ് ഹാപ്പി നൽകുന്നതാണെന്ന് രക്ഷിതാക്കൾ പറയുന്നു.നഗരസഭ ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗത്തെ പ്രവേശന കവാടത്തോട് ചേർന്നാണ് പാർക്കും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. വിശ്രമത്തിനും വിനോദത്തിനുമൊപ്പം ആസ്വാദ്യകരമായ നൈറ്റ് ലൈഫിനും ടൗൺ സ്‌ക്വയറിലും പാർക്കിലും സൗകര്യങ്ങളായി.

ഹാപ്പിനെസ് പാർക്കിൽ കുട്ടികൾക്കായി വിവിധ കളി ഉപകരണങ്ങളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ടേക്ക് എ ബ്രേക്ക്, കഫറ്റീരിയ എന്നിവയും സമീപത്തു തന്നെയുണ്ട്. നടപ്പാതയിൽ പൂച്ചെടികൾ പിടിപ്പിച്ച് മനോഹരമാക്കി. ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗരസഭ ഏറ്റെടുത്ത ട്രാവലേഴ്സ് ലോഞ്ചിൽ കുടുംബശ്രീയുടെ പ്രീമിയം കഫെ ഉടൻ പ്രവർത്തനം ആരംഭിക്കും.

നഗരസഭാ ബസ് സ്റ്റാൻഡിൽ സ്‌പെഷ്യൽ അസിസ്റ്റൻസ് പദ്ധതി പ്രകാരം ആരംഭിച്ച അഞ്ച് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. പദ്ധതിയുടെ ആദ്യഘട്ടമായി ബസ് സ്റ്റാൻഡ് യാർഡിന്റെ പുനർനിർമ്മാണം ശാസ്ത്രീയമായി പൂർത്തീകരിച്ചിരുന്നു. കാടുപിടിച്ചും മാലിന്യം നിറഞ്ഞും കിടന്ന ബസ് സ്റ്റാൻഡിന്റെ പിൻഭാഗം വൃത്തിയാക്കി പൂച്ചെടികൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ഡ്രൈവ് വേ, നടപ്പാത എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

5 കോടിയുടെ പണികൾ പുരോഗമിക്കുന്നു

പരിമിതമായ പൊതു ഇടങ്ങൾ മാത്രം ഉണ്ടായിരുന്ന നഗരത്തിൽ കൂടുതൽ സാമൂഹ്യ സാംസ്‌കാരിക ഇടവും വിനോദത്തിനും വിശ്രമത്തിനുമായി കൂടുതൽ സൗകര്യങ്ങളും ഒരുക്കി. മെച്ചപ്പെട്ടതും സുരക്ഷിതവുമായ സാമൂഹ്യ അന്തരീക്ഷത്തിൽ നഗര ജീവിതത്തിന് പുതിയ മാനം നൽകുക എന്ന ഭരണസമിതിയുടെ ലക്ഷ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.

അഡ്വ.ടി .സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ.