റാന്നി: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷങ്ങൾ റാന്നിയിൽ വർണാഭമായ പരിപാടികളോടെ നടന്നു. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും 48 ശാഖകളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് 2ന് റാന്നി വൈക്കം ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്ര വർണാഭമായി. യോഗം കൗൺസിലർ എബിൻ ആമ്പാടി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഗുരുദേവ ചിത്രം വഹിച്ചുള്ള അലങ്കരിച്ച രഥം, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടിയേകി. റാന്നി -പെരുമ്പുഴ ടൗണിൽ കൂടി മാമ്മൂക്ക് ജംഗ്ഷൻ വഴി ഇട്ടിയപ്പാറ ശ്രീനാരായണ നഗറിൽ (സ്വകാര്യ ബസ് സ്റ്റാൻഡ്) ഘോഷയാത്ര സമാപിച്ചു. ഘോഷയാത്രയ്ക്ക് ശേഷം ശ്രീനാരായണ നഗറിൽ നടന്ന ജയന്തി മഹാസമ്മേളനത്തിൽ റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ സ്വാഗതം ആശംസിച്ചു. സ്വാഗത സംഘം ചെയർമാൻ പി.കെ വാസുദേവൻ വയറൻമരുതി അദ്ധ്യക്ഷനായ സമ്മേളനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വിശ്വസംസ്ക്കാരഭവൻ സെക്രട്ടറി ശങ്കരാനന്ദ സ്വാമി പ്രഭാഷണം നടത്തി. സമ്മേളനത്തിൽ മുൻ എം.എൽ.എ രാജു ഏബ്രഹാം, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റൂബി കോശി, പ്രമോദ് പി.ആർ, പ്രകാശ് കുഴിക്കാല, ബിന്ദു റെജി, എ.ബഷീർ, പ്രമോദ് വാഴാംകുഴിയിൽ, സുകുലാൽ പി.എസ്, ഇന്ദിര മോഹൻദാസ്, ഷീജാ വാസുദേവൻ , ദീപു കണ്ണന്നുമൺ, ആദർശ് പുതുശേരിമല, സൂരജ് വയറൻമരുതിക്കൽ, അനൂപ് കമലാസനൻ, സിന്ധു കുടമുരുട്ടി എന്നിവർ സംസാരിച്ചു. അജയ് ഹാച്ചറി മാനേജിംഗ് ഡയറക്ടർ ഡോ.പി.വി.ജയൻ സമ്മാനദാനം നിർവഹിച്ചു.