മാന്നാർ: ഈഴവ സമുദായം ഒന്നായി നിന്നാൽ നന്നാകുമെന്നും നന്നായവരെല്ലാം ഒന്നായവരാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻപറഞ്ഞു. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ നടന്ന 171-ാമത് തിരു ചതയ സംയുക്ത മഹാ സമ്മേളനം ഉദ്ഘാടനവും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ആഫീസ് മന്ദിര സമുച്ചയത്തിന്റെ സമർപ്പണവും നിർവഹിക്കുകയായിരുന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംഘടിത സമുദായങ്ങൾ വോട്ട് ബാങ്കായി മാറിക്കൊണ്ട് വികാര കേന്ദ്രങ്ങളിൽ കയറിപ്പറ്റിക്കൊണ്ട് സമ്പത്തെല്ലാം കൊത്തിക്കൊണ്ടുപോകുന്ന സാഹചര്യമാണ് നിലവിലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുറഞ്ഞ നാൾ കൊണ്ട് യൂണിയന് സ്വന്തമായൊരു ആസ്ഥാനം നിർമ്മിച്ച് അത്ഭുതം കാണിച്ച മാന്നാർ യൂണിയൻ ഭാരവാഹികളെ വെള്ളാപ്പള്ളി നടേശൻ അഭിനന്ദിച്ചു.എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പദത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് മാന്നാർ യൂണിയന്റെ ആദരവായി പുതുതായി നിർമ്മിച്ച ശീതീകരിച്ച വെള്ളാപ്പള്ളി നടേശൻ ഹാളിന്റെ സമർപ്പണം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ശ്രീനാരായണ ഗുരുദേവ ദർശന പ്രചരണത്തിൽ സ്‌തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ഡോ.എം.എം ബഷിറിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും മാന്നാറിലെ പത്രപ്രവർത്തക രംഗത്തെ കാൽ നൂറ്റാണ്ട് പിന്നിട്ടവർക്കുള്ള പുരസ്‌കാര സമർപ്പണവും വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു.