
കോന്നി : കാടും നാടുമിളക്കി ഒഴുകിയെത്തിയ മനുഷ്യസാഗരത്തെ സാക്ഷിയാക്കി കോന്നി കരിയാട്ടം അരങ്ങേറി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനൊപ്പം കൊമ്പുകുലുക്കി തുമ്പി ഉയർത്തി നൃത്തം ചെയ്ത് അഞ്ഞൂറോളം ആന വേഷധാരികളുടെ അകമ്പടിയിൽ നീങ്ങിയ ഘോഷയാത്രയിൽ പതിനായിരങ്ങളാണ് അണിനിരന്നത്. ഘോഷയാത്രയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് തന്നെ കോന്നി ജനസാഗരമായി മാറി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.യുടെ നേതൃത്വത്തിൽ എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നുമാണ് പ്രധാന ഘോഷയാത്ര ആരംഭിച്ചത്. ചെണ്ടമേളവും
പഞ്ചാരിമേളവും പാണ്ടിമേളവും തായമ്പകയും വിസ്മയം തീർത്തപ്പോൾ കഥകളി വേഷധാരികളും ആട്ടക്കാവടിയും ഉൾപ്പടെയുള്ള കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ മാറ്റുകൂട്ടി. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കരിയാട്ടം കാണാൻ എത്തിയിരുന്നു. മഴ കാരണം 2023 ൽ യഥാവിധി അവതരിപ്പിക്കാൻ കഴിയാതെ പോയ കരിയാട്ടം ഇത്തവണ കോന്നിയുടെയും കേരളത്തിന്റെയും മനസ്സിനെ കീഴടക്കുന്ന രീതിയിലാണ് സംഘാടകർ അണിയിച്ചൊരുക്കിയത്.
പ്രധാന ഘോഷയാത്രക്കൊപ്പം ഏനാദിമംഗലം, കലഞ്ഞൂർ, പ്രമാടം, വള്ളിക്കോട്, അരുവാപ്പുലം, കോന്നി ഗ്രാമപഞ്ചായത്തുകൾ അണിനിരന്നു. കോന്നി ഫയർ സ്റ്റേഷന് സമീപം നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ
സീതത്തോട്, ചിറ്റാർ, തണ്ണിത്തോട് പഞ്ചായത്തുകളും റിപ്പബ്ലിക്കൻ സ്കൂളും ചേർന്ന് ആരംഭിച്ച ഘോഷയാത്രയിൽ മലയാലപ്പുഴ, മൈലപ്ര ഗ്രാമപഞ്ചായത്തുകളും പങ്കാളികളായി. എല്ലാ പഞ്ചായത്തുകളും ഘോഷയാത്രയിൽ കോന്നിയുടെ സാംസ്കാരിക പൈതകവും സംസ്കാരവും വിളിച്ചോതുന്ന വിവിധ നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും അവതരിപ്പിച്ചു. മൂന്ന് ഘോഷയാത്രകളും കോന്നി ജംഗ്ഷനിൽ സംഗമിച്ചപ്പോൾ ആർപ്പുവിളിയുടെ ആരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. ജനസാഗരത്തെ സാക്ഷിയാക്കി ഇവിടെയാണ് കരിയാട്ടം പ്രദർശനം അരങ്ങേറിയത്. ആനവേഷധാരികൾ പ്രത്യേക താളത്തിനൊപ്പം നൃത്തം ചവിട്ടിയപ്പോൾ കോന്നിയെ ഇളക്കി മറിച്ച് കാണികളും ഒപ്പം കൂടി.
സമാപന സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ കരിയാട്ടം പുരസ്കാരം സാഹിത്യകാരൻ ബെന്യാമിന് സമ്മാനിച്ചു. സംഘടക സമിതി കൺവീനർ ശ്യാംലാൽ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, കെ.പി.ഉദയഭാനു, കെ.പത്മകുമാർ, ബി.ആർ.രാജീവ് കുമാർ എന്നിവർ പങ്കെടുത്തു.