
കോഴഞ്ചേരി : പമ്പയുടെ ഓളപ്പരപ്പിൽ വിസ്മയം വിരിയിക്കുന്ന ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. രാവിലെ 9ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്ര ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപം ഘോഷയാത്രയായി വള്ളംകളി പവലിയനിൽ എത്തിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. 10ന് ജില്ലാകളക്ടർ പ്രേം കൃഷ്‌ണൻ പതാക ഉയർത്തും. ജലഘോഷയാത്രയിൽ പങ്കെടുക്കാനെത്തുന്ന പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽ എത്തി ചന്ദനവും പൂമാലയും സ്വീകരിച്ച് ഒരുമണിയോടെ ഫിനിഷിംഗ് പോയിന്റിൽ അണിനിരക്കും. 1.15ന് പൊതുസമ്മേളനം ആരംഭിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് സാംബദേവൻ.കെ.വി അദ്ധ്യക്ഷത വഹിക്കും. പള്ളിയോടങ്ങളുടെ ജലഘോഷയാത്ര 1.30ന് ആരോഗ്യമന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണവും വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കലും സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മൂന്നിന് മത്സര വള്ളംകളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യും. പാഞ്ചജന്യം 2025 സ്മരണിക ചലച്ചിത്രതാരം ജയസൂര്യ പ്രകാശനം ചെയ്യും. സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും. പ്രമോദ് നാരായണൻ.എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, മുൻ എം.എൽ.എമാരായ രാജു എബ്രഹാം, കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, എ.പത്മകുമാർ, കെ.സി.രാജഗോപാലൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്, ഗുരുവായൂർ ദേവസ്വം ചെയർപേഴ്‌സൺ ഡോ.വി.കെ.വിജയൻ, മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്, മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായർ എന്നിവർ സംസാരിക്കും. പ്രമോദ് നാരായൺ എം.എൽ.എ സമ്മാനദാനം നിർവ്വഹിക്കും.
51 പള്ളിയോടങ്ങൾ
51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിൽ പങ്കെടുക്കുന്നത്. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളും ജലമേളയിൽ പങ്കെടുക്കുന്നുണ്ട്.
ഹെലികോപ്റ്റർ പ്രകടനം
ജലഘോഷയാത്രയ്ക്ക് ശേഷം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പ്രകടനം ഉണ്ടായിരിക്കും.
ഡിജിറ്റൽ സംവിധാനം
ഇത്തവണ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് സ്റ്റാർട്ടിംഗും ഫിനിഷിംഗും ക്രമീകരിച്ചിരിക്കുന്നത്. ഓരോ പള്ളിയോടവും സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റു വരെ എത്താനുള്ള സമയം തിട്ടപ്പെടുത്തുകയും എ ബാച്ചിലും ബി ബാച്ചിലും ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാലു പള്ളിയോടങ്ങളെ ഫൈനലിലും പിന്നീട് വരുന്ന നാല് പള്ളിയോടങ്ങളെ ലൂസേഴ്‌സ് ഫൈനലിലും പങ്കെടുപ്പിച്ച് വിജയികളെ തീരുമാനിക്കും. പുറത്തുനിന്നുള്ള തുഴച്ചിൽക്കാർ പള്ളിയോടത്തിൽ കയറുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും അങ്ങനെയുള്ള പള്ളിയോടങ്ങളെ അയോഗ്യരാക്കുകയും ചെയ്യും.
ഒന്നാംസ്ഥാനത്തിന് അർഹരായ പള്ളിയോടങ്ങൾക്ക് മന്നം ട്രോഫി സമ്മാനിക്കും. ദേവസ്വം ബോർഡ്, ജില്ലാ പഞ്ചായത്ത്, മറ്റ് സ്വകാര്യ വ്യക്തികൾ, മാദ്ധ്യമങ്ങൾ എന്നിവർ നൽകിയിട്ടുള്ള ട്രോഫിയും വിജയികൾക്ക് നൽകും. ഏറ്റവും നല്ല രീതിയിൽ പാടിക്കളിച്ച് പങ്കെടുക്കുന്ന പള്ളിയോടത്തിന് ആർ.ശങ്കർ മെമ്മോറിയൽ സുവർണ ട്രോഫി നൽകും. നല്ല ചമയത്തിന് നൽകുന്നതിനായി ചാക്കമാർ സഭയുടെ ട്രോഫിയും ഇക്കുറി ഉണ്ടായിരിക്കും.