ഏറത്ത് : എം.സി റോഡിൽ വടക്കടത്ത് കാവ് ജംഗ്ഷന് സമീപം പുന്തലപ്പടിയിൽ കുളത്തിൽ മാലിന്യം കുമിഞ്ഞു കൂടുന്നു. ദുർഗന്ധം സഹിച്ച് നാട്ടുകാർ. കുളം നിറയെ കുപ്പികളും മറ്റു മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലാണ്. കുളത്തിന് മുന്നിലായി ഒരു ഹോട്ടലും പ്രവർത്തിക്കുന്നുണ്ട്. ഈ ജംഗ്ഷനിൽ നിന്നും വെള്ളകുളങ്ങര ഭാഗത്തേക്ക് ഒരു റോഡ് കടന്നു പോകുന്നുണ്ട്. കുളം മാലിന്യം മൂടി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ശുചീകരിക്കാൻ നടപടികൾ ഇതുവരെ ചെയ്തിട്ടില്ല. ഇവിടെ രൂക്ഷമായ കൊതുക് ശല്യവും ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. ദുർഗന്ധം കാരണം വഴിയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നുണ്ട്. കുളം വൃത്തിയാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ കുളം മലിനമായി കിടക്കുന്നതും ചർച്ചയാകുന്നുണ്ട്. വൃത്തിയാക്കാനുള്ള നടപടികൾ അധികൃതർ ഉടൻ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.