hostel-
ചെങ്ങന്നൂർ ഗവ. ഐടിഐയിലെ നിലംപതിക്കാറായ മൂന്ന് നിലയിൽ തീർത്ത പഴയ ഹോസ്റ്റൽ കെട്ടിടം

ചെങ്ങന്നൂർ: ഗവ.ഐ.ടി.ഐയിലെ പഴയ ഹോസ്റ്റൽ കെട്ടിടം ജീർണാവസ്ഥയിൽ. ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയാണ്. പലഭാഗത്തും മേൽക്കൂരയുടെയും ബീമുകളുടെയും കോൺക്രീറ്റ് ഇളകിയ നിലയിലും കമ്പികൾ തുരുമ്പെടുത്തു ദ്രവിച്ച നിലയിലുമാണ്. 2016 ൽ കോൺക്രീറ്റ് പാളി ഇളകിവീണതിനെ തുടർന്ന് ഇവിടെനിന്ന് വിദ്യാർത്ഥികളെ മാറ്റിയിരുന്നു. പല വിദ്യാർത്ഥികളും പുറത്തെ ലോഡ്ജുകളിലാണ് താമസം. - അടുത്തകാലംവരെ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഐ.ടി.ഐയിലെ ഡ്രൈവിംഗ് പശീലനകേന്ദ്രം പ്രവർത്തിച്ചിരുന്നു.വിദ്യാർത്ഥികൾക്ക് ഡ്രൈവിംഗിൽ പരിശീലനം നൽകുന്നത് ഈ കെട്ടിടത്തിനു മുൻവശത്താണ്. കൂടാതെ, വിദ്യാർത്ഥികൾ ഒഴിവുസമയത്ത് കെട്ടിടത്തിനു ചുറ്റുമായി തമ്പടിക്കാറുമുണ്ട്. വേണ്ടത്ര സുരക്ഷാ മുന്നറിയിപ്പുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഈ ഭാഗത്തില്ല. ഈ കെട്ടിടത്തിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനത്തിനുള്ള സാമഗ്രികളും ഫർണിച്ചറും ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇവ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്കു മാറ്റേണ്ടവയാണെങ്കിലും മാറ്റിയിട്ടില്ല. ആൽമരങ്ങൾ വളർന്ന് ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 50 വർഷത്തിനു മുകളിൽ പഴക്കമുള്ള ഈ മൂന്നുനിലക്കെട്ടിടം പൊളിച്ചു നീക്കണ മെന്നാവശ്യം ശക്തമാണ്.

വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാതെ പുതിയ കെട്ടിടം

12,917 ചതുരശ്ര അടിയിൽ നാലു നിലകളോടുകൂടിയ പുതിയ ഹോസ്റ്റൽ കെട്ടിടം ഒരുവർഷം മുൻപ് ഉദ്ഘാടനം ചെയ്തെങ്കിലും വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടില്ല. വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതാണ് കാരണം. ഈ കെട്ടിടത്തിൽ 68 വിദ്യാർത്ഥികൾക്ക് താമസിക്കാം. പുതിയ ഹോസ്റ്റൽ കെട്ടിടം തു റക്കാത്തതിനാൽ ദൂരെനിന്നുള്ള കുട്ടികൾ പുറത്തു താമസിക്കേണ്ട സ്ഥിതിയാണ്.

..........................................................

ഐ.ടി.ഐ യിലെ കാലപ്പഴക്കം ചെന്ന എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. പുതിയ ഹോസ്റ്റൽ കെട്ടിടത്തിന് വൈദ്യുതി കണക്‌ഷൻ ലഭിക്കാനുള്ള നടപടികൾ പൂർത്തിയായി.

സജി ചെറിയാൻ

(സാംസ്കാരിക മന്ത്രി)

..............................................

കെട്ടിടം എത്രയും വേഗം പൊളിച്ച് മാറ്റുകയും പുതിയ ഹോസ്റ്റൽ കെട്ടിടത്തിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുകയും ചെയ്യണം. വിദ്യാർത്ഥികൾ പുറത്ത് ലോഡ്ജുകളിലാണ് താമസം. ഇതിന് പരിഹാരം എത്രയും വേഗം എടുക്കണം.

ഐ.ടി.ഐ വിദ്യാർത്ഥി

സതീഷ് കുമാർ

...................................

കെട്ടിടത്തിന് 50 വ‌ർഷം പഴക്കം