road-
ഓടകൾക്ക് മുകളിലെ ഇരുമ്പ് ഗ്രില്ലുകൾ തുരുമ്പിച്ച് നശിച്ച അവസ്ഥയിൽ

റാന്നി : സംസ്ഥാന പാതയായ പുനലൂർ -മൂവാറ്റുപുഴ റോഡിലെ നടപ്പാതകൾ കാൽനടയാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ഓടകൾക്ക് മുകളിലെ ഇരുമ്പ് ഗ്രില്ലുകൾ തുരുമ്പിച്ച് നശിച്ചതോടെയാണ് കാൽനടയാത്രക്കാർക്ക് ഇത് അപകടക്കെണിയായത്. അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റോഡിനോട് ചേർന്നുള്ള നടപ്പാത നിർമ്മിച്ചിരിക്കുന്നത് ഓടകൾക്ക് മുകളിലാണ്. ഈ ഓടകൾക്ക് മുകളിൽ പാകിയിട്ടുള്ള ഇരുമ്പ് കമ്പികൾ തുരുമ്പിച്ച് ഒടിഞ്ഞുപോയ നിലയിലാണ്. പുനലൂർ മിനർവപ്പടി, ഇട്ടിയപ്പാറ തുടങ്ങിയ ഭാഗങ്ങളിലാണ് ഈ ദുരവസ്ഥ കൂടുതലായി കാണുന്നത്. ഓടകളുടെ പാളികൾ തകർന്നുപോയതിനാൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കാൽനടയാത്രക്കാർ ഇതിലേക്ക് വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ദിവസവും നൂറുകണക്കിന് ആളുകളാണ് ഈ വഴി യാത്ര ചെയ്യുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, പ്രായമായവർ, ജോലിക്ക് പോകുന്നവർ, വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവർ എന്നിങ്ങനെ നിരവധി പേർ ഈ നടപ്പാതയെ ആശ്രയിക്കുന്നുണ്ട്. ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തകർന്ന ഗ്രില്ലുകൾ മാറ്റി സ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. സംസ്ഥാന പാതയിലെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള അപകടകരമായ നിർമ്മിതികൾ നിലവിലുണ്ട്. അടിയന്തരമായി റോഡിന്റെ സുരക്ഷാ ഓഡിറ്റ് നടത്തി അപകട ഭീഷണി ഉയർത്തുന്ന എല്ലാ നിർമ്മിതികളും മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.