മല്ലപ്പള്ളി: ഏറുമാടവും ടെന്റുമൊരുക്കി വിസ്മയക്കാഴ്ചകളുമായി മല്ലപ്പള്ളി സി.എം.എസിലെ സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് ക്യാമ്പ്. ലോകത്തിലെ ഏറ്റവും വലിയതും യൂണിഫോമിലുള്ളതുമായ സ്‌കൗട്‌സ്ആൻഡ് ഗൈഡ്‌സ് എന്ന വിശ്വസാഹോദര്യ പ്രസ്ഥാനത്തിന്റെ രണ്ട് യൂണിറ്റുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു. വർണ്ണക്കാഴ്ചയൊരുക്കിയ അതി മനോഹരമായ ചെണ്ടുമല്ലിപ്പൂന്തോട്ടവും ക്ലോറിസ് എന്ന ജൈവ പച്ചക്കറിത്തോട്ടത്തിന്റെ ഒന്നും രണ്ടും സീസണും വിജയകരമായി പൂർത്തിയാക്കിയ സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ വൈവിദ്ധ്യമാർന്ന പഠനാനുഭവങ്ങൾ ഒരുക്കിയാണ് ഈ വർഷത്തെ സഹവാസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഫ്‌ളാഗ് സെറിമണി, പരേഡ്, ഫസ്റ്റ് എയ്ഡ് തുടങ്ങിയ തനതു പരീശീലങ്ങൾ കൂടാതെ കുട്ടികൾക്ക് വിനോദവും സാഹസികതയും ഒരുക്കിയാണ് മനോഹരമായ ടെന്റും ഏറുമാടമുൾപ്പെടെയുള്ള വിനോദോപാധികൾ ക്രമീകരിച്ചത്. വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സ്‌കൂൾ പ്രിൻസിപ്പലും സ്‌കൗട്‌സ് മാസ്റ്ററുമായ ബാബു മാത്യുവും ഗൈഡ്‌സ് ക്യാപ്റ്റനായ അശ്വതി അലക്‌സുമാണ്. സദാ സമയവും സേവനസന്നദ്ധരായി 64 വിദ്യാർത്ഥികളും ഇവരോടൊപ്പമുണ്ട്. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ബിജു തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌കൗട്‌സ് ഡിസ്ട്രിക്ട് കമ്മീഷണർ പി.അശോക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പലും സ്‌കൗട്ട്‌സ് മാസ്റ്ററും റോവർ വിഭാഗം ഡിസ്ട്രിക്ട് കമ്മീഷണറുമായ ബാബു മാത്യു,വൈസ് പ്രിൻസിപ്പൽ ഡബ്ള്യൂ. ജെ. വർഗീസ് , ഗൈഡ്‌സ് ക്യാപ്റ്റനും ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മീഷണറുമായ അശ്വതി അലക്‌സ് എന്നിവർ സംസാരിച്ചു.