തിരുവല്ല : ദുരാചാരങ്ങളിൽ കുടുങ്ങിക്കിടന്ന ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന പ്രവർത്തനങ്ങളിലൂടെ സാധിച്ചെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗുരുദേവ ജയന്തി സംയുക്ത മഹാഘോഷയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിമത ചിന്തകൾക്കതീതമായ ഗുരുദർശനങ്ങൾ കാലദേശങ്ങൾക്ക് അതീതമാണ്. വർത്തമാനകാലത്ത് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ചിന്തകൾ വളർന്നുവരുമ്പോൾ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഗുരുദേവ സന്ദേശങ്ങളുടെ പ്രസക്തിയേറി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ ജയന്തി സന്ദേശം നൽകി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ, കൺവീനർ അഡ്വ.അനീഷ് വി.എസ്, തിരുവല്ല ടൗൺ ശാഖാ വൈസ് പ്രസിഡന്റ് ശ്യാം ചാത്തമല, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ എന്നിവർ പ്രസംഗിച്ചു. വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ സ്വാഗതവും യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് നന്ദിയും പറഞ്ഞു.