11
2018 ലെ പ്രളയത്തിൽ തകർന്ന ഇടക്കടവ് ഇക്കോടൂറിസം പാർക്ക്

പാർക്ക് നശിച്ചത് പ്രളയത്തിൽ, തിരിഞ്ഞുനോക്കാതെ അധികൃതർ

ചെങ്ങന്നൂർ: പ്രളയത്തിൽ നശിച്ച ഇടക്കടവ് ഇക്കോടൂറിസം പാർക്ക് പുനരുദ്ധരിക്കാൻ നടപടി വൈകുന്നു. 2018 ലെ പ്രളയത്തിലാണ് പാണ്ടനാട് 5-ാം വാർഡിലെ പാർക്ക് നശിച്ചത്. .പമ്പയാറിന്റെ തീരത്ത് അഞ്ചര ഏക്കർ സ്ഥലത്താണ് പാർക്ക്.

ബോട്ടിംഗ്,കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ ,ഓപ്പൺ തിയേറ്റർ,കഫ്റ്റേരിയ തുടങ്ങിയവ ഉണ്ടായിരുന്നു. കലാമന്ദിരം, നീന്തൽകുളം ഉൾപ്പെടെയുള്ള രണ്ടാംഘട്ട പദ്ധതികൾക്കായി തയ്യാറെടുക്കുമ്പോഴായിരുന്നു പ്രളയം നാശംവിതച്ചത്.

നിരവധി ആളുകളാണ് നേരത്തെ ഇവിടെ എത്തിയിരുന്നത്. .വിവിധ സംഘടനകളുടെ ചെറിയ പരിപാടികളും ഇവിടെ നടന്നിരുന്നു . സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ ബോട്ടിംഗ് ഇടയ്ക്ക് നിറുത്തിവച്ചിരുന്നു. . പ്രളയത്തിന് ശേഷം ടൂറിസം വകുപ്പും പഞ്ചായത്തും പരിശോധനകൾ നടത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല.

2013 ൽ പാണ്ടനാട് ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി സർക്കാരിനു നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ എം. എൽ .എ പി.സി.വിഷ്ണുനാഥിന്റെ ശ്രമഫലമായി 1.59 കോടി രൂപ ചെലവഴിച്ച് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപറേഷനാണ് പാർക്ക് നിർമ്മിച്ച് ഡി.ടി.പി.സിക്കു കൈമാറിയത്.

പ്രവർത്തിച്ചത് പ്രതിസന്ധികൾ മറികടന്ന്

ടൂറിസം മന്ത്രിയായിരുന്ന എ.പി .അനിൽകുമാർ 2015 ജനുവരി രണ്ടിനാണ് പാർക്കിന്റെ ശിലാസ്ഥാപനം നടത്തിയത്. 2016 ഫെബ്രുവരി 25 ന് ഉദ്ഘാടനം നടന്നു. ഷൈൻ കാടുവെട്ടൂരാണ് കരാർ ഏറ്റെടുത്തത്.പാർക്ക് ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിട നമ്പർ നൽകുവാൻപഞ്ചായത്ത് തയ്യാറായിരുന്നില്ല. പമ്പാ റിവർ ബേസിൽ അതോറിറ്റിക്കാണ് പാർക്ക് നിൽക്കുന്ന തീരത്തിന്റെ സംരക്ഷണ ചുമതല എന്നായിരുന്നു പഞ്ചായത്തിന്റെ വാദം.കെട്ടിട നമ്പർ നൽകാഞ്ഞതുകൊണ്ട് പാർക്കിലേക്ക് വൈദ്യുതി ലഭിച്ചിരുന്നില്ല,ജനറേറ്റർ ഉപയോഗിച്ചാണ് ആദ്യകാലങ്ങളിൽ പ്രവർത്തനം നടത്തിയിരുന്നത്.പാർക്കിന്റെ നവീകരണം ആവശ്യപ്പെട്ടും നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനുമായി ഷൈൻ കാടുവെട്ടൂർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. അനുകൂല വിധി ലഭിച്ചെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഷൈൻ പറഞ്ഞു.

പ്രളയത്തിൽ തകർന്നതിനുശേഷം പാർക്കിൽ സമൂഹ്യവിരുദ്ധരുടെയും ഇഴജന്തുകളുടെയും ശല്യമാണ്. ഇതുമൂലം നാട്ടുകാർ ഭീതിയിലാണ്

ആയികുന്നത്ത് ശോഭനൻ (സ്ഥലവാസി)