11-prasath

പന്തളം: പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിലേക്ക് ക്ഷണിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പന്തളം കൊട്ടാരത്തിലെത്തി. ബോർഡ് അംഗങ്ങളായ എ. അജികുമാർ. പി.ഡി. സന്തോഷ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ. സുരേഷ് വർമ്മ,​ കൊട്ടാരം നിർവാഹകസംഘം ട്രഷറർ ദീപാവർമ്മ എന്നിവരുമായി സംസാരിച്ചു. അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം പിന്നീട് അറിയിക്കുമെന്ന് സുരേഷ് വർമ്മ പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. വലിയതമ്പുരാന്റെ നിർദ്ദേശമനുസരിച്ചായിരിക്കും തീരുമാനം. ശബരിമല കർമ്മസമിതി നടത്തുന്ന സംഗമത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് നിലപാട്. അടുത്തയാഴ്ച തീരുമാനമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരവും ദേവസ്വം ബോർഡും തമ്മിൽ നല്ല ബന്ധത്തിലാണ്. അത് ഇനിയും തുടരുമെന്ന് പി. എസ്. പ്രശാന്ത് പറഞ്ഞു. കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് വിശ്വാസം, ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം കൊട്ടാരം പൂർണമായ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.