പ്രമാടം : അച്ചൻകോവിലാറ്റിലെ വേലൻ കടവിൽ നിറുത്തലാക്കിയ കടത്ത് വള്ളം സർവീസ് പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലൻ കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും തമ്മിൽ ബന്ധിപ്പിച്ച് നടത്തിയിരുന്ന കടത്താണ് തുഴച്ചിൽകാരൻ പെൻഷനായതിനെ തുടർന്ന് മൂന്ന് മാസം മുമ്പ് നിറുത്തലാക്കിയത്. കിലോമീറ്ററുകൾ കറങ്ങി യാത്ര ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാർ. നാട്ടുകാർ ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായായിരുന്നു കടത്ത്. പ്രമാടം ഗ്രാമപഞ്ചായത്തിനെയും പത്തനംതിട്ട നഗരസഭയെയും തമ്മിൽ ബന്ധിപ്പിച്ച് പാലം എന്ന ആശയം ആദ്യം ഉയർന്നത് വേലൻകടവിലായിരുന്നു. എന്നാൽ ചില എതിർപ്പുകളെ തുടർന്ന് ഇത് നടന്നില്ല. തുടർന്നാണ് പാറക്കടവിൽ പാലം നിർമ്മിച്ചത്. പറക്കടവ് പാലം യാഥാർത്ഥ്യമായെങ്കിലും പ്രമാടം പടിഞ്ഞാറ്, കൊടുന്തറ നിവാസികളുടെ യാത്രാ ക്ളേശം പരിഹരിക്കാൻ വേലൻകടവിൽ കടത്ത് സർവീസ് നിലനിറുത്തുകയായിരുന്നു. പാറക്കടവ് പാലം വരുന്നതിന് മുമ്പും ശേഷവും ഈ പ്രദേശത്തെ ആളുകളുടെ പ്രധാന യാത്രാമാർഗമായിരുന്നു ഈ കടത്ത് സർവീസ്. പിന്നീട് ഇത് വേലൻകടവിലെ ഒരു വള്ളം മാത്രമായി ചുരുങ്ങി. അച്ചൻകോവിലാർ കരകവിയുമ്പോൾ മാത്രമാണ് ഇവിടെ സർവീസ് നിറുത്തിവച്ചിരുന്നത്.
കടത്തുവള്ളം ആശ്രയിച്ചിരുന്നത് നിരവധിപ്പേർ
പ്രമാടം പടിഞ്ഞാറ് നിവാസികൾക്കും പത്തനംതിട്ട കൊടുന്തറക്കാർക്കും പാറക്കടവ് പാലം വഴിയല്ലാതെ വളരെ വേഗം അക്കരെ ഇക്കരെ യാത്ര ചെയ്യാനുള്ള എളുപ്പമാർഗമായിരുന്നു ഈ കടത്ത് സർവീസ്. നിരവധി ആളുകളാണ് ദിവസേന കടത്ത് വള്ളത്തെ ആശ്രയിച്ചിരുന്നത്. പ്രമാടത്തെയും പത്തനംതിട്ടയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പ്രമാടം മഹാദേവർ ക്ഷേത്രം, എന്നിവിടങ്ങളിലെല്ലാം എളുപ്പത്തിൽ എത്താൻ ആളുകൾ കടത്തുവള്ളത്തെ ആശ്രയിച്ചിരുന്നു.
............................................................................
ഇപ്പോൾ കിലോമീറ്ററുകൾ കറങ്ങി പാറക്കടവ് പാലം വഴി വേണം അക്കരെ ഇക്കരെ എത്താൻ. ഇത് പ്രദേശവാസികൾക്ക് വലിയ യാത്രാ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എത്രയും വേഗം കടത്ത് സർവീസ് പുന:രാരംഭിക്കണം
(പ്രദേശവാസികൾ)
.............................................
75 വർഷം പഴക്കമുള്ള സർവീസ്
സർവീസ് നിറുത്തയത് 3 മാസം മുൻപ്