road-
കാടുമൂടിയ അത്തിക്കയം വില്ലേജ് ഓഫീസിലേക്കുള്ള വഴി

റാന്നി: വീണ്ടും കാടുമൂടി അത്തിക്കയം വില്ലേജ് ഓഫീസിലേക്കുള്ള വഴി. റോഡിൽ നിന്നാൽ വില്ലേജി ഓഫീസ് കാണാൻ കഴിയാത്ത സ്ഥിതിയിലാണ് സമീപത്ത് കടുവളർന്നു നിൽക്കുന്നത്. ഇഴജന്തുക്കളെ ഉൾപ്പെടെ ഭയന്ന് വേണം ജനങ്ങൾ പ്രധാന സർക്കാർ ഓഫീസിൽ എത്തിച്ചേരാൻ. ഇതിന് പുറമെ മഴയിൽ പാറക്കെട്ടുകൾക്ക് മുകളിലൂടെ സാഹസികമായി വേണം വില്ലേജ് ഓഫീസിലെത്താൻ. പ്രായമായവർക്കും അംഗപരിമിതർക്കും വില്ലേജ് ഓഫീസിൽ എത്തുക എന്നത് ഏറെ ശ്രമകരമാണ്. കുത്തനെയുള്ള കയറ്റം കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മഴയിൽ യാത്ര ഏറെ ബുദ്ധിമുട്ടാണ്. പ്രധാന റോഡിൽ വാഹനങ്ങൾ നിറുത്തി പാറക്കെട്ടുകളുടെ മുകളിലൂടെ നടന്നുവേണം ഇവിടെയെത്താൻ. ഇതുസംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നാറാണംമൂഴി ഡി.വൈ.എഫ് ഐ പ്രവർത്തകർ ഇവിടെ കൈവരി സ്ഥാപിച്ചു. കനത്ത മഴയിൽ ഒലിച്ചെത്തുന്ന കല്ലും മണ്ണും ഇവിടെ നിറയും. വഴുക്കലുമുണ്ട്. ദിവസവും നിരവധി ആളുകൾ എത്തുന്ന സർക്കാർ ഓഫീസ് പരിസരം അപകട രഹിതമാക്കണമെന്ന് ആവശ്യം ശക്തമാണ്. കൂടാതെ വില്ലേജ് ഓഫീസ് ഇവിടെ നിന്നും മാറ്റി പാതയോരത്തോ മറ്റോ ആക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന ആവശ്യവും വർഷങ്ങളായി ഉയരുന്നുണ്ട്.