photo
പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു മൂഴിയാറിൽ സന്ദർശനം നടത്തുന്നു

കോന്നി : മൂഴിയാറിലെ 46 പട്ടികവർഗ കുടുംബങ്ങൾക്ക് പുനരധിവാസത്തിന് സ്ഥലം ഒരുക്കുമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. മൂഴിയാറിലെ മലമ്പണ്ടാരം കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കെ.എസ്.ഇ.ബിയുടെ കൈവശമുള്ള വനം വകുപ്പിന്റെ നാല് ഏക്കർ ഭൂമി ഇതിനായി ലഭ്യമാക്കും. പട്ടികവർഗ വകുപ്പും കെ.എൻ.ഇ.ബിയും വനംവകുപ്പും ഇത് സംബന്ധിച്ച് കരാർ തയ്യാറാക്കും. വർഷങ്ങളായി വനാന്തരത്തിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് ഉപജീവനവും അടിസ്ഥാന സൗകര്യവും വകുപ്പ് ഉറപ്പാക്കും. നിലവിൽ ശബരിഗിരി പദ്ധതിയോടനുബന്ധിച്ച് കെ.എസ്.ഇ.ബിയുടെ കൈവശമുള്ള ഭൂമിയിൽ താമസിക്കുന്നവർക്ക് വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിന് മുമ്പ് മന്ത്രി സ്ഥലം സന്ദർശിച്ചു. വനവകാശനിയമ പ്രകാരം 38 കുടുംബങ്ങൾക്ക് ലഭിച്ച ഒരേക്കർ ഭൂമിയും ഉടൻ കൈമാറും. മൂഴിയാർ കെ.എസ്.ഇ.ബി ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ ചേർന്ന യോഗത്തിൽ അഡ്വ. ക കെ.യു ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആർ പ്രമോദ്, തുടങ്ങിയവർ പങ്കെടുത്തു.