cgnr
ചെങ്ങന്നൂർ കെ എസ് ആർ ടി സി യിൽ വെയിലത്ത് ബസ് കയറാൻ നിൽക്കുന്ന യാത്രക്കാർ

ചെങ്ങന്നൂർ: പുതിയ കെട്ടിടത്തിനായി പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ ചെങ്ങന്നൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ദുരിതത്തിലായി യാത്രക്കാർ. വെയിലും മഴയും ഏൽക്കാതെ ബസു കാത്തുനിൽക്കാൻ ഒരിടമില്ലാതെ വലയുകയാണ് ഇവർ. താത്കാലിക കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാമെന്ന അധികൃതരുടെ വാഗ്ദാനം പാലിക്കപ്പെടാതെ പോയതാണ് ഈ ദുരിതങ്ങൾക്ക് കാരണം. 11.5 കോടി രൂപ മുടക്കി 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. എന്നാൽ, പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് ഒരു താത്കാലിക ഷെഡ് സ്ഥാപിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്‌വാക്കായിരുന്നു. ഇതോടെയാണ് യാത്രക്കാർ വെട്ടിലായത്. യാത്രക്കാർ അടുത്തുള്ള കടത്തിണ്ണകളിലും കെ.എസ്ആർ.ടി.സി ഗാരേജിലുമാണ് അഭയം തേടുന്നത്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാരാണ് ഇതിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത്. കൂടാതെ, ബസ് വരുമ്പോൾ പെട്ടെന്ന് ഓടേണ്ടിവരുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുമുണ്ട്. യാത്രക്കാർക്ക് ആകെയുള്ള ആശ്വാസം ഏതുനിമിഷവും നിലംപതിച്ചേക്കാവുന്ന ഒരു തണൽമരം മാത്രമാണ്. മുമ്പ് ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. താത്കാലിക കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പല സംഘടനകളും പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 43 ബസുകളും രണ്ട് സ്വിഫ്റ്റ് ബസുകളുമായി ദിവസവും 42 ഷെഡ്യൂളുകൾസർവീസ് നടത്തുന്ന ഈ ഡിപ്പോയിൽ ദിവസേന നൂറുകണക്കിന് യാത്രക്കാർ എത്തിച്ചേരുന്നുണ്ട്.

...............................

കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുന്നതിന് എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4.40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനകം പണികൾ ആരംഭിക്കും.

സജി ചെറിയാൻ

(മന്ത്രി ) ചെങ്ങന്നൂർ

......................................

രാത്രി 7 കഴിഞ്ഞ് റോഡിൽ ബസുകൾ നിറുത്തുന്നതുകൊണ്ട് കയറുവാൻ ബുദ്ധിമുട്ടാണ് , മഴയാണെങ്കിൽ സ്ഥിതി ദുഷ്കരമാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.

സുരേഷ് കുമാർ,തിട്ടമേൽ

(യാത്രക്കാരൻ)