nellikkal
ആർ.ശങ്കർ സുവർണ്ണ ട്രോഫി എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിൽ നിന്ന് നെല്ലിക്കൽ പള്ളിയോട പ്രതിനിധികൾ ഏറ്റുവാങ്ങുന്നു

പത്തനംതിട്ട : ആറൻമുള ഉത്രട്ടാതി ജലമേളയിൽ ആർ.ശങ്കർ സുവർണ്ണട്രോഫിയിൽ മുത്തമിട്ടതിന്റെ ആഹ്ലാദത്തിലാണ് നെല്ലിക്കൽ പള്ളിയോടം. ആചാരപരമായി ആടയാഭരണങ്ങളണിഞ്ഞ് നന്നായി പാടിത്തുഴഞ്ഞെത്തുക എന്നതാണ് ജലോത്സവത്തിലെ ഏറ്റവും പ്രധാനം. ഇത്തരത്തിൽ തുഴഞ്ഞെത്തിയ നെല്ലിക്കലിന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകിയ 25 പവൻ തൂക്കമുള്ള സുവർണ്ണ ട്രോഫിയാണ് സമ്മാനിക്കുന്നത്. ഉത്രട്ടാതി ജലമേളയിലെ ഏറ്റവും വിലപ്പിടിപ്പുള്ള ഈ ട്രോഫി പള്ളിയോട ക്യാപ്റ്റൻ അഖിൽ വർമ്മ, പ്രതിനിധികളായ ശ്രീനിലയം ശ്രീജിത്ത്, മാലിമേൽ ഓമനക്കുട്ടൻ നായർ എന്നിവർ ചേർന്ന് എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങി. വിലപിടിപ്പുള്ള ട്രോഫി ആയതിനാൽ ഇത് പള്ളിയോട സേവാസംഘം തിരികെ വാങ്ങി ലോക്കറിലേക്ക് മാറ്റി. പകരം മറ്റൊരു ട്രോഫിയാണ് കരയിലേക്ക് കൊണ്ടുപോകുവാൻ നൽകുന്നത്. ഇതുമായി ആറന്മുള ക്ഷേത്ര സന്നിധിയിലും ദേശദേവതയായ നെല്ലിക്കൽ ദേവിയുടെയും തിരുമുന്നിലുമെത്തി സ്തുതിച്ചുപാടിയ ശേഷം കരയിൽ തുഴക്കാർ ആഹ്ലാദ യാത്ര നടത്തി. എന്നാൽ യഥാർത്ഥ ട്രോഫിയോ ട്രോഫിയുടെ മാതൃകയോ നൽകാത്തത് കരക്കാർക്ക് ഏറെ വിഷമമുണ്ടാക്കുന്നുണ്ട്. ഇക്കാര്യം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് , യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറിയിക്കും. അദ്ദേഹത്തിന്റെ അനുമതിതേടിയ സുവർണ്ണ ട്രോഫിയുടെ മാതൃക നിർമ്മിച്ചു നൽകും.

1993ൽ കോഴിമുക്ക് നാരായണൻ ആചാരിയുടെ നേതൃത്വത്തിലാണ് നെല്ലിക്കൽ പള്ളിയോടം നിർമ്മിച്ചത്. 1994ൽ മന്നം ട്രോഫി നേടി. 2014ൽ ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിൽ പുതിയ പള്ളിയോടം നിർമ്മിച്ചു. 18 അടി അമരപ്പൊക്കവും 110അടി നീളവുമുള്ള (നാല്പത്താറേകാൽ കോൽ നീളം) 64 അംഗുലം ഉടമയുമുളള പള്ളിയോടത്തിൽ നിലയാളുകൾ ഉൾപ്പെടെ 85 പേർക്ക് കയറാൻ കഴിയും. എ ബാച്ചിൽപെടുന്ന ഈ പള്ളിയോടം നെല്ലിക്കൽ 572-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുളളതാണെങ്കിലും ജാതിമതഭേദമെന്യേ നാട്ടുകാർ എല്ലാവരും സഹകരിച്ചാണ് പള്ളിയോടത്തെ ആറന്മുളയ്ക്ക് യാത്രയാക്കുന്നത്.