peringara
സഞ്ചാരയോഗ്യമാക്കിയ കാരയ്ക്കൽ മണലിൽപടി- കൊച്ചുമണലിൽപടി റോഡിന്റെ ഉദ്ഘാടനം മുൻ ബ്ലോക്ക് പഞ്ചായത്തംഗം ആനിമിനി നിർവ്വഹിക്കുന്നു

തിരുവല്ല : പെരിങ്ങര പഞ്ചായത്ത് 9-ാം വാർഡ് കാരയ്ക്കൽ മണലിൽപടി- കൊച്ചുമണലിൽപടി റോഡിലെ ഏറെക്കാലമായുള്ള യാത്രാദുരിതം മാറ്റാൻ ജനങ്ങളിറങ്ങി. 250 മീറ്റർ ദൈർഘ്യമുള്ള റോഡിന്റെ 140 മീറ്ററോളം സഞ്ചാരയോഗ്യമാക്കി മാറ്റി. മുൻ ബ്ലോക്ക് പഞ്ചായത്തംഗം ആനിമിനി തോമസിന്റെ നേതൃത്വത്തിൽ ഒന്നാംഘട്ടം റോഡ് പുനരുദ്ധരിച്ചശേഷം ഉദ്ഘാടനവും അവർ നിർവഹിച്ചു. മുൻ പഞ്ചായത്തംഗം ജേക്കബ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മൂന്നുലക്ഷം രൂപ ജനങ്ങൾ പിരിച്ചെടുത്തു. വെള്ളക്കെട്ട് പതിവായിരുന്ന റോഡിൽ വേസ്റ്റ് ഇട്ടശേഷം മെറ്റലും മറ്റും നിക്ഷേപിച്ച് 3 അടിയോളം ഉയർത്തിയെടുത്താണ് സഞ്ചാരയോഗ്യമാക്കിയത്. ബാക്കിയുള്ള 110 മീറ്ററോളം റോഡിന്റെ പുനരുദ്ധാരണത്തിന് സഹായം ലഭിച്ചില്ലെങ്കിൽ ജനങ്ങൾ തന്നെ ഏറ്റെടുത്ത് പൂർത്തിയാക്കുമെന്നും റോഡ് സംരക്ഷണ സമിതി അധികൃതർ പറഞ്ഞു.