പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് ആരോപിച്ച് ഏഴ് വയസുകാരന്റെ കുടുംബം. കൊടുന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന അട്ടച്ചാക്കൽ സ്വദേശികളായ മനോജ് - രാധ ദമ്പതികളുടെ മകന് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മാസം 27ന് സൈക്കിളിൽ നിന്ന് വീണതാണ് കുട്ടി. അടുത്ത ദിവസം വേദനയാണെന്ന് പറഞ്ഞപ്പോഴാണ് രക്ഷിതാക്കൾ കുട്ടിയേയും കൊണ്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുന്നത്. കാഷ്വാലിറ്റിയിലെ ഡോക്ടറാണ് പരിശോധിച്ചത്. കൈയിൽ നീരുള്ളതിനാൽ എക്സറേയെടുത്തു. അതിൽ പ്രശ്നമൊന്നും കണ്ടെത്തിയിരുന്നില്ല. ചെറിയ കുട്ടി ആയതിൽ കൈ.യിൽ സ്ലാബിട്ട് മരുന്ന് നൽകി വിട്ടു. എന്നാൽ ഈ മാസം 7ന് കുട്ടിയുടെ കൈ പഴുത്ത് വ്രണമായി . പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിച്ചു. അതോടെ രക്ഷിതാക്കൾ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്ങനെയാണ് ചതവ് പഴുത്തതാണെന്ന് വ്യക്തമായതെന്ന് രക്ഷിതാക്കൾ പറയുന്നു. എന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുമ്പോൾ മുറിവില്ലായിരുന്നെന്നാണ് ഡോക്ടർമാരുടെ വാദം. വേദനയുണ്ടെങ്കിൽ അടുത്ത ദിവസം എത്താനും ആവശ്യപ്പെട്ടിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.