മല്ലപ്പള്ളി : തിരുവല്ല ചേലക്കൊമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ചെങ്കിലും തിരുവല്ല ചേലക്കൊമ്പ് റോഡിന്റെ കാര്യത്തിൽ അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ല. ഹനുമാൻകുന്ന്, നെടുങ്കുന്നം, നൂറോമ്മാവ്, പുന്നവേലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയും, തിരുവല്ല ചേലക്കൊമ്പ് റോഡിന്റെ ഭാഗവുമാണ് ഈ റോഡ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഇന്റർലോക്ക് കട്ടകൾ തകർന്നത് മൂലം ഇവിടെ ചെളിനിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. ആനിക്കാട് റോഡിൽനിന്നും വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാനും സാദ്ധ്യത ഏറെയാണ്. തകർച്ചയുള്ള ഭാഗത്ത് നിലവിലുള്ള ലോക്ക്കട്ടകൾ മാറ്റി പുതിയത് സ്ഥാപിച്ച് അപകട സാദ്ധ്യ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.