പത്തനംതിട്ട: ഗവി ബസുകൾ ഇടയ്ക്കിടെ തകരാറായി കട്ടപ്പുറത്ത് കയറുന്നതിന് പരിഹാരമായി അനുവദിച്ച പുതിയ ബസിന്റെയും കഥ അതുതന്നെ. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഗവി ട്രയൽ സർവീസിനായി അനുവദിച്ച പുതിയ ലിങ്ക് ബസ് കൊട്ടാരക്കരയിൽ നിന്ന് പത്തനംതിട്ട ഡിപ്പോയിൽ എത്തിയപ്പോൾ തന്നെ ഇലക്ട്രിക് തകരാർ സംഭവിച്ചു. ടി.വി.എസ് കമ്പനിയിൽ നിന്ന് സാങ്കേതിക വിദഗ്ധരെത്തി തകരാർ പരിഹരിച്ച ശേഷം ഇന്നലെ ഡി.ടി.ഒ അടക്കുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗവിയിലേക്ക് ട്രയൽ സർവീസ് നടത്താൻ ബസിൽ കയറി. എന്നാൽ, ബസ് സ്റ്റാർട്ടായില്ല. ഇന്നലെ വീണ്ടും തകരാർ പരിഹരിച്ചു. പക്ഷെ, ഗവിയിലേക്ക് പോകുന്നതിനിടെ ബസ് പണിമുടക്കുമോ എന്ന ആശങ്കയിൽ സർവീസ് നടത്തിയില്ല. ബസ് പത്തനംതിട്ട ഡിപ്പോ ഗ്യാരേജിൽ കയറ്റിയിട്ടു.
ഓണത്തിന്ന് കെ.എസ്.ആർ. ടി.സി പുറത്തിറക്കിയ 143ബസുകളിൽ ഒന്നുപോലും പത്തനംതിട്ടയ്ക്ക് ലഭിച്ചിരുന്നില്ല. ഇക്കാര്യം കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് കൊട്ടാരക്കര ഡിപ്പോയ്ക്ക് അനുവദിച്ച 35 സീറ്റുകളുള്ള പുതിയ ലിങ്ക് ബസിൽ ഒന്ന് പത്തനംതിട്ടയിൽ എത്തിച്ച് ഗവി ട്രയൽ സർവീസിനൊരുങ്ങുമ്പോഴാണ് തകരാർ പറ്റിയത്. സർവീസ് വിജയകരമായാൽ പത്തനംതിട്ട ഡിപ്പോയ്ക്ക് സ്വന്തമായി ലിങ്ക് ബസ് അനുവദിക്കാനായിരുന്നു തീരുമാനം.