bbhhh
അടൂർ പാർത്ഥസാരഥി ക്ഷേത്ര റോഡും പരിസരവും ഇരുട്ടിൽ അപകടങ്ങൾക്കു കാരണമാകുമെന്ന് ആക്ഷേപം

അടൂർ : അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ അരികിലൂടെ തുടങ്ങി അടൂർ ബൈപ്പാസിൽ അവസാനിക്കുന്ന റോഡിൽ ക്ഷേത്രഭാഗത്ത് രാത്രി കാലത്ത് തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നില്ലെന്ന് പരാതി.നിലവിൽ കുളത്തിന്റ ഭാഗം വരെ വെളിച്ചമുണ്ടെങ്കിലും ക്ഷേത്രത്തിന്റെ വലതു ഭാഗത്തൂടെയുള്ള റോഡിലും ചേർന്നുള്ള ഊട്ടുപുര ഭാഗത്തേക്കും വെളിച്ചമില്ലാത്തതിനാൽ കൂരിരുട്ടാണ്. ക്ഷേത്രത്തിന്റെ തെക്കേ നട ഭാഗത്ത് ഇരുട്ടാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിനു മുന്നിൽ പ്രവേശന കവാടമുണ്ടെങ്കിലും ഭക്തജനങ്ങൾ തെക്കേ നടയ്ക്ക് സമീപമുള്ള പടിക്കെട്ടുകളിലൂടെയാണ് കൂടുതലായും പ്രവേശിക്കാറുള്ളത്. അതുകൊണ്ട് തന്നെ സന്ധ്യ കഴിഞ്ഞു ക്ഷേത്രങ്ങളിൽ നിന്നും മടങ്ങുന്ന ഭക്തജനങ്ങൾ‌ക്ക് ഇത് ബുദ്ധിമുട്ടാകുന്നുണ്ട്. റോഡ് ക്രോസ് ചെയ്യുമ്പോൾ അപകടങ്ങളും സംഭവിക്കാൻ സാദ്ധ്യത ഏറെയാണ്. നിരവധി തവണ ഭക്തജനങ്ങൾ അധികൃതരെ പരാതി അറിയിച്ചെങ്കിലും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. എം.എൽ.എ ഓഫീസിനു മീറ്ററുകൾക്ക് മാത്രം അകലെയുള്ള പ്രദേശത്ത് പോലും തെരുവ് വിളക്കുകൾ പുന:സ്ഥാപിക്കുവാൻ അധികൃതർ തയാറാകാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.