പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ മഹാശോഭായാത്ര നടക്കും. നഗരത്തിലെ വെട്ടിപ്പുറം, മണ്ണാറമല, അഴൂർ, കൊടുന്തറ, കല്ലറക്കടവ്, വലഞ്ചുഴി എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ഉച്ചയ്ക്കു 3.30 ന് സെന്റ്പീറ്റേഴ്‌സ് ജംഗ്ഷനു സമീപം സംഗമിക്കും. 4ന് പത്തനംതിട്ട ഋഷി ജ്ഞാനസാധനാലയം മഠാധിപതി ദേവി ജ്ഞാനാഭനിഷ്ഠാനന്ദഗിരി ഗോകുല പതാക കൈമാറി മഹാശോഭായാത്ര ഉദ്ഘാടനം ചെയ്യും. മഹാശോഭായാത്ര നഗരം ചുറ്റി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സമീപിക്കും. മഹാശോഭായാത്ര യിൽ വിവിധ വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, ഗോപികാനൃത്തം എന്നിവ അണിനിരക്കും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ മഹാശോഭായാത്ര എത്തുമ്പോൾ ഉറിയടി നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി നഗരത്തിലെ 51 കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഗോപൂജ, വൃക്ഷപൂജ , നദീവന്ദനം, സാംസ്‌കാരിക പരിപാടികൾ എന്നിവ നടന്നു. മഹാശോഭായാത്ര വിജയി പ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നഗർ ആഘോഷ സമിതി രക്ഷാധികാരി എസ്. നാരായണനും ആഘോഷ പ്രമുഖ് അജി അയ്യപ്പയും അറിയിച്ചു.