തിരുവല്ല : ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മഹാശോഭായാത്ര നടക്കും. ഉച്ചയ്ക്ക്ശേഷം മൂന്നിന് ഗ്രാമീണമേഖലകളിൽ നിന്നുള്ള ശോഭായാത്രകൾ കാവുംഭാഗം ഏറങ്കാവ് ജംഗ്‌ഷനിൽ സംഗമിക്കും. തുടർന്ന് ഏറങ്കാവ് ദേവീക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന മഹാശോഭായാത്ര വൈകിട്ട് 3.30ന് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ ഉദ്ഘാടനം ചെയ്യും. മുത്തൂർ, കച്ചേരിപ്പടി,കല്ല്യാൺ സിൽക്സ്, ജോയി ആലുക്കാസ്, മാർക്കറ്റ് ജംങ്ഷൻ,കിഴക്കേനട, ശ്രീവല്ലഭക്ഷേത്രം എന്നിവിടങ്ങളിൽ ഗോപികാനൃത്തം അവതരിപ്പിക്കും. മഹാശോഭായാത്ര ശ്രീവല്ലഭ ക്ഷേത്രത്തിൽ സമാപിക്കും. കടയാന്ത്ര,പള്ളിയറത്തളം, പൊടിയാടി,കല്ലുങ്കൽ, മണിപ്പുഴ, മേപ്രാൽ,കാരയ്ക്കൽ,ചാത്തങ്കരി, പെരിങ്ങര, കോച്ചാരിമുക്കം, വേങ്ങൽ, അഴിയിടത്തുചിറ,പെരിങ്ങോൾ,കാവുംഭാഗം,പാലിയേക്കര,കാട്ടൂക്കര, വെൺപാല, തുകലശ്ശേരി, മതിൽഭാഗം,കിഴക്കുംമുറി, ഇരുവെള്ളിപ്ര തുടങ്ങിയ ബാലഗോകുലങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ കാവുംഭാഗത്ത് സംഗമിക്കും. ഇതിനുപുറമെ ഇടിഞ്ഞില്ലം, ആലുംതുരുത്തി, മന്നംകരച്ചിറ, മുത്തൂർ,കുറ്റപ്പുഴ,പെരുംതുരുത്തി, ചാലക്കുഴി, മീന്തലക്കര, ആമല്ലൂർ തുടങ്ങിയ ബാലഗോകുലങ്ങളിലെ ശോഭായാത്രകൾ ദീപ ജംഗ്ഷനിൽ എത്തിയ ശേഷം മഹാശോഭായാത്രയായി പട്ടണത്തിലൂടെ ശ്രീവല്ലഭ ക്ഷേത്രത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കുചേരും. വള്ളംകുളം സ്വാതി തിരുനാൾ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി നടക്കും. ഇന്ന് വൈകിട്ട് 3.30ന് പുത്തൻകാവുമല മഹാദേവ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര വാര്യങ്കാട്ട് പടി വഴി നന്നൂർ ജംഗ്ഷനിൽ എത്തിച്ചേരും. കുരുമലക്കാവ് കിരാതമൂർത്തി ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര അമ്പാടി ജംഗ്ഷൻ വഴി കണ്ണാട്, നന്നൂർ ജംഗ്ഷനിൽ സംഗമിക്കും. വള്ളംകുളം പടിഞ്ഞാറ് മൂകാംബിക ജഗദംബിക ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര കരിമ്പിൽകവല, കുന്നത്തുപാറക്കൽ, ഉമാമഹേശ്വരക്ഷേത്രം,എസ്എൻ.ഡി.പി ക്ഷേത്രം,കാവുങ്കൽ ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ കടന്നു പോകും. ഇവിടങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ മഹാശോഭായാത്രയായി തിരുവാമനപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും. ഗോപികാനൃത്തം, ഉറിയടി, കോലുകളി തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും. നിരണം മണ്ഡലത്തിലെ ശോഭായാത്രകൾ വൃന്ദാവനം മരുതൂർക്കാവ്, കണ്ണശ, തൃക്കപാലീശ്വരം, വടക്കുംഭാഗം,പുതിയാമഠം,മാനങ്കേരി, നിരണം വെസ്റ്റ് എന്നിവിടങ്ങളിൽ നിന്നാരംഭിച്ച് കടപ്രയിൽ സംഗമിക്കും. കടപ്ര മണ്ഡലത്തിലെ ശോഭായാത്രകൾ പെരുമ്പള്ളം,തിക്കപ്പുഴ, ആലംതുരുത്തി, ആലുംമൂട്,പുളിക്കീഴ്, തേവേരി,കൈനിക്കര എന്നിവിടങ്ങളിൽ നിന്നാരംഭിച്ച് കടപ്രയിൽ എത്തിച്ചേരും. നിരണം,കടപ്ര മണ്ഡലങ്ങളിലെ ഘോഷയാത്രകൾ കടപ്ര ജംഗ്ഷനിൽ സംയോജിച്ച്, അവിടെനിന്ന് ആലംതുരുത്തി പാലം വഴി തൃക്കപാലീശ്വരം ക്ഷേത്രത്തിൽ സമാപിക്കും.