മല്ലപ്പള്ളി: മല്ലപ്പള്ളി - പുല്ലുകുത്തി റോഡിലെ തൊട്ടിപ്പടിക്ക് സമീപമുള്ള കലുങ്കിന്റെ പുനർനിർമ്മാണം ആരംഭിച്ചു. നിരവധിതവണ വാർത്തകളിൽ ഇടം പിടച്ച തിരുവല്ല ചേലക്കൊമ്പ് റോഡിന്റെ ഒരു ഭാഗം മാത്രമാണ് തൊട്ടിപ്പടി കലുങ്ക്. കാലപ്പഴക്കമുള്ള കലുങ്കിന്റെ ഭിത്തികൾ ഉൾപ്പെടെ മണിമലയാറിന്റെ സംരക്ഷണ ഭിത്തികളും തകർച്ചയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ജനകീയ സമിതി രൂപീകരിക്കുകയും അധികൃതർക്ക് നേരിട്ട് പരാതികൾ നൽകുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മെല്ലെപ്പോക്കിന് ചൂണ്ടിക്കാട്ടി തൊട്ടിപ്പിട ഭാഗത്ത് ഗർത്തം രൂപപ്പെട്ടതു മുതൽ കേരളകൗമുദി നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. ജൂലൈ മാസത്തിലാണ് കലുങ്കിന്റെ വശത്തായി ഗർത്തം രൂപപ്പെട്ട് തുടങ്ങിയത്. പിന്നീടുണ്ടായ കനത്ത മഴയിൽ കലുങ്ക് ഭാഗീകമായി തകരുകയായിരുന്നു. തിരുവല്ലയിൽ നിന്നും മെയിന്റനസ് വിഭാഗം സ്ഥലത്ത് എത്തി പരിശോധനകൾ നടത്തിയെങ്കിലും കലുങ്ക് പൂർണ്ണമായ് തകർച്ചയിലായതിനാൽ ഇവർക്ക് പിൻമാറേണ്ടി വന്നു. തുടർന്ന് കലുങ്ക് പൂർണമായി പൊളിച്ചുമാറ്റി പുനർനിർമ്മിക്കേണ്ടതുകൊണ്ട് റോഡ് മെയിന്റനൻസ് വിഭാഗത്തിൽ നിന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം നിർമ്മാണം ഏറ്റെടുത്തിരുന്നു. 25 ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്.
നിർമ്മാണച്ചെലവ് 25 ലക്ഷം
....................................................
രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കും. അതുവരെ മല്ലപ്പള്ളി ഭാഗത്തുനിന്നും നൂറോമ്മാവിലേക്ക് പോകേണ്ടവർ ഹനുമാൻകുന്ന് വഴിയും, മുരണി കാവനാൽകടവ് വഴിയും ഉപയോഗിക്കണം.
(പി.ഡബ്ലി.യുഡി ഉദ്യാഗസ്ഥർ)